സൈനുദ്ദീൻ, പീതാംബരൻ

100 മീറ്റർ വലിച്ചിഴച്ചും പിന്തുടർന്നും കാട്ടാനകളുടെ ആക്രമണം; ജീവൻ പൊലിഞ്ഞത്​ ബൈക്കിലും സൈക്കിളിലും സഞ്ചരിച്ചവരുടെ - വിഡിയോ

ആമ്പല്ലൂര്‍ (തൃശൂർ): തോട്ടം മേഖലയായ പാലപ്പിള്ളിയിലും കുണ്ടായിയിലും കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പാലപ്പിള്ളി ഒഴുക്കപ്പറമ്പന്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ സൈനുദീന്‍ (50), മറ്റത്തൂര്‍ ചുങ്കാല്‍ പോട്ടക്കാരന്‍ രാമന്‍റെ മകന്‍ പീതാംബരന്‍ (56) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

എലിക്കോട് ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന സൈനുദ്ദീന്‍, ഗണപതി ക്ഷേത്രത്തിന് സമീപത്തുവെച്ച് കാട്ടാനയുടെ മുമ്പില്‍ പെടുകയായിരുന്നു. ബൈക്കില്‍നിന്ന്​ മറിഞ്ഞ് വീണ സൈനുദ്ദീനെ കാട്ടാന നൂറുമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊന്നത്. രാവിലെ 7.30ഓടെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. സംഭവം അറിഞ്ഞശേഷം വനപാലകര്‍ സ്ഥലത്ത് എത്താന്‍ വൈകിയതായി നാട്ടുകാര്‍ പറഞ്ഞു.

ഹാരിസണ്‍ മലയാളം പ്ലാ​േന്‍റഷന്‍ കുണ്ടായി എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ പീതാംബരന്‍ ടാപ്പിങ്ങിന് സൈക്കിളില്‍ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ കുണ്ടായി ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവം. ആന വരുന്നത് കണ്ട് ഓടി മാറിയെങ്കിലും പിന്തുടര്‍ന്ന ആനകള്‍ പീതാംബരനെ ആക്രമിക്കുകയായിരുന്നു.

കയ്യിലും കാലിലും കുത്തേറ്റ നിലയിലായിരുന്നു. ഗുരുതര പരിക്കേറ്റ പീതാംബരനെ നാട്ടുകാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

സൈനുദീന്‍റെ മാതാവ്: റുഖിയ. ഭാര്യ: ഷഹ്​ല. മക്കള്‍: ഷംസിയ, ഷഹ്​ല നൗറിന്‍. മരുമക്കള്‍: ഇസ്മായില്‍, സജീര്‍. പീതാംബരന്‍റെ ഭാര്യ: പ്രേമലത. മക്കള്‍: പ്രമോദ്, രേഷ്മ. മരുമക്കള്‍: നീതു, സജീഷ്.

ഒരു വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മേഖലയില്‍ നാലു ജീവനുകളാണ് പൊലിഞ്ഞത്. വന്യജീവി ശല്യത്തിന്​ പദ്ധതി തയാറാക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. കേരളത്തിൽ വന്യജീവി ആക്രമണം ചെറുക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും പാലപ്പിള്ളിയിലെ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Tags:    
News Summary - Two killed in wildlife attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.