തോക്കുചൂണ്ടി ഡ്രൈവറേയും കാറും തട്ടിക്കൊണ്ടുപോയ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: ആലുവയിൽ തോക്കുചൂണ്ടി ഡ്രൈവറേയും കാറും തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒന്നാം പ്രതിയായ ഇടപ്പിള്ളി മുട്ടായിൽ അബ്ദുൽ മനാഫ് (43), ഇയാളുടെ ഡ്രൈവറായ തൃശൂർ കോലുമുറ്റം മണപ്പാട്ട് ചാരുദാസ് (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മനാഫാണ് തോക്ക് ചൂണ്ടിയത്. ഇയാളിൽ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഇവർ ഉൾപ്പടെ അഞ്ച് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സംഭവത്തിന് ശേഷം മഹാരാഷ്ട്ര, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം എറണാകുളത്ത് എത്തിയപ്പോഴാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ക്വട്ടേഷൻ കൊടുത്ത മുജീബ് ഉൾപ്പെടെ ഒമ്പതു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിനുവേണ്ടി കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ സുഹൃത്തായ അബ്ദുൽ മനാഫിന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം.

മാർച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വെച്ചാണ് സംഭവം. ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശ്ശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. വാഹനങ്ങളും, ഹാൻസും നേരത്തെ കണ്ടെടുത്തു.

ഒന്നാം പ്രതിയുടെ ഇടപ്പള്ളിയിലുള്ള സ്ഥാപനത്തിൽ വെച്ചാണ് ഗൂഢാലോചന നടന്നത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് പ്രതികളിൽ ഭൂരിഭാഗവും. ഇവരെ ചോദ്യം ചെയ്തതിൽ മനാഫ് സമാന രീതിയിൽ ഹാൻസും വാഹനവും നെടുമ്പാശേരിയിൽനിന്നും തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞു. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ മാരായ എം.എസ് ഷെറി, കെ.പി.ജോണി, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ്‌ അമീർ, കെ.ബി.സജീവ്, ജീ മോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    
News Summary - Two people arrested for abducting driver and a car at gunpoint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.