എ.ഡി.ജി.പിയുടെ സ്ഥാനമാറ്റം മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം; കരുതലെന്ന് കെ. സുധാകരന്‍റെ പരിഹാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണ് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പൊലീസ് ബറ്റാലിയനിലേക്ക് നിര്‍ത്തിക്കൊണ്ടാണ് അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയത്. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണെന്നും സുധാകരൻ വ്യക്തമാക്കി.

ഒട്ടും ആത്മാർഥമില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റെത്. നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്. പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടി രാഷ്ട്രീയ ദൗത്യമേറ്റെടുത്ത് ആര്‍.എസ്.എസ് നേതാക്കളെ കണ്ട എ.ഡി.ജി.പിയെ കൈവിടാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രീതി നിലനിര്‍ത്താനാണ് എ.ഡി.ജി.പി അജിത് കുമാറിനെ മുഖ്യമന്ത്രി ചേര്‍ത്ത് പിടിക്കുന്നത്.

എ.ഡി.ജി.പിയെ പരമാവധി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ തങ്ങളുടെ വിജയമെന്ന് അവകാശപ്പെടുന്നത് സി.പി.ഐയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടാണ്. എ.ഡി.ജി.പിയെ നുള്ളിനോവിക്കാതെ മുഖ്യമന്ത്രി നടത്തിയ തൊലിപ്പുറത്തെ ചികിത്സയെ വിജയമായി ആഘോഷിക്കുന്ന സി.പി.ഐ കേരളീയ സമൂഹത്തില്‍ കൂടുതല്‍ അപഹാസ്യമായെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - K Sudhakaran react to ADGP's transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.