തൃശൂര്‍: എ.ടി.എം കവര്‍ച്ചക്കേസിലെ പ്രതികളുമായി തൃശൂര്‍ പൊലീസ് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. ഞായറാഴ്ച രാവിലെ ഷൊര്‍ണൂര്‍ റോഡിലെ എ.ടി.എമ്മിലും താണിക്കുടം പുഴയിലുമാണ് തെളിവെടുപ്പ് നടത്തിയത്. എ.ടി.എം കൊള്ളയടിക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറും രണ്ട് സിലിണ്ടറുകളും എ.ടി.എമ്മിൽ പണം സൂക്ഷിക്കുന്ന ഒമ്പത് ട്രേകളും പുഴയിൽനിന്ന് കണ്ടെത്തി.
രാവിലെ 11.30ഓടെ ഷൊര്‍ണൂര്‍ റോഡിലെ എ.ടി.എമ്മിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. എ.ടി.എം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച പ്രതികളായ സാബിര്‍ ഖാന്‍, ഷൗക്കിന്‍ ഖാന്‍ എന്നിവരെ കൗണ്ടറിനകത്തേക്ക് കയറ്റി തെളിവെടുത്തു. 10 മിനിറ്റിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഇതിനുശേഷം എ.ടി.എമ്മിന്റെ ഭാഗങ്ങളും കവര്‍ച്ചക്കുപയോഗിച്ച ആയുധങ്ങളും പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ താണിക്കുടം പുഴയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മൂന്ന് എ.ടി.എമ്മുകളിലെ 12 ട്രേകള്‍ വലിച്ചെറിഞ്ഞെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. തുടര്‍ന്ന് അഗ്നിരക്ഷ സേന സ്‌കൂബ ടീം അംഗങ്ങള്‍ പുഴയില്‍ നടത്തിയ പരിശോധനയിലാണ് എ.ടി.എം ട്രേകളും ഗ്യാസ് കട്ടറും സിലിണ്ടറുകളും കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കട്ടർ. പ്രതികളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.