അങ്കമാലി: യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച് ഇരുചക്രവാഹനം കവർന്ന കേസിൽ രണ്ട് പേരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. മൂക്കന്നൂർ കിടങ്ങൂർ സ്വദേശികളായ വലിയോലിപറമ്പിൽ വീട്ടിൽ ആഷിഖ് മനോഹരൻ (31), പള്ളിപ്പാട്ട് വീട്ടിൽ മാർട്ടിൻ (മുട്ടിച്ചൻ - 40) എന്നിവരെ അങ്കമാലി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് 6.30ഓടെ പവിഴപ്പൊങ്ങ് സ്വദേശി വിജീഷിനെയാണ് വടിവാൾ കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്ക് തടഞ്ഞു നിർത്തി വിജീഷിനോട് പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയാറായില്ല. അതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിനും, കവർച്ചക്കും കാരണമായതെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിച്ച ഇരുചക്ര വാഹനം പൊലീസ് കണ്ടെടുത്തു. ഇരുപ്രതികളും വധശ്രമം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. 2021ൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെത്തുടർന്ന് അഷിഖിനെ കാപ്പ ചുമത്തി ആറ് മാസം ജയിലിലടച്ചിരുന്നതായും പൊലീസ് അറിയിച്ചു.
ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐമാരായ പ്രദീപ് കുമാർ, ഷാഹുൽ ഹമീദ്, എ.എസ്.ഐ മാരായ പി.ജി സാബു, ഫ്രാൻസിസ്, റെജിമോൻ, ആന്റു, എസ്.സി.പി.ഒ മാരായ മിഥുൻ, അലി, മനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.