ചക്കരക്കല്ല് (കണ്ണൂർ): വീടിന്റെ രണ്ടാം നില നിർമാണത്തിനിടെ ബീം തകർന്നുവീണ് വീട്ടുടമയും തൊഴിലാളിയും മരിച്ചു. പള്ളിപ്പൊയിൽ ചാത്തോത്ത് കുളത്തിന് സമീപം മാരമംഗലത്ത് വീട്ടിൽ മുണ്ടാണി കൃഷ്ണൻ (69), കൊറ്റാളി അംബേദ്കർ കോളനിയിലെ ലാലൻ (43) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. വീടിന്റെ രണ്ടാം നില നിർമിക്കുന്നതിനുവേണ്ടി സ്ഥാപിച്ച ബീമിന്റെ പലകയും തൂണുകളും ഇളക്കിമാറ്റുന്നതിനിടയിൽ ബീം തകരുകയായിരുന്നു. ജോലിയിൽ ഏർപ്പെട്ടിരുന്ന വീട്ടുടമ കൂടിയായ കൃഷ്ണന്റെ തലക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മറ്റൊരു തൊഴിലാളിയായ ലാലൻ ബീമിന്റെ അടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. കണ്ണൂരിൽനിന്നെത്തിയ ഫയർഫോഴ്സും ചക്കരക്കല്ല് പൊലീസും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
മരിച്ച കൃഷ്ണന്റെ ഭാര്യ: വസന്ത. മക്കൾ: വിജേഷ്, വിനീഷ്, വിനിഷ. മരുമകൻ: മഞ്ജുനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.