സുജാത

അടൂരിൽ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ രണ്ട് ആൺമക്കൾ അറസ്റ്റില്‍

പത്തനംതിട്ട: അടൂർ മാരൂരിൽ വീട്ടമ്മ വെട്ടേറ്റുമരിച്ച കേസില്‍ ഇവരുടെ രണ്ട് ആൺമക്കൾ അറസ്റ്റില്‍. സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സൂര്യലാലിനേയും ചന്ദ്രലാലിനേയും ലക്ഷ്യമിട്ട് എത്തിയവരുടെ ആക്രമണത്തിൽ തലക്ക് ഗുരുതരമായി വെട്ടേറ്റായിരുന്നു സുജാത (55) മരിച്ചത്. സുജാതയുടെ മക്കളായ ഇരുവരും നടത്തിയ ആക്രമണത്തിന്‍റെ തിരിച്ചടിയായിരുന്നു കൊലപാതകം. സൂര്യലാൽ കാപ്പാ കേസിൽ പ്രതിയാണ്.

സുജാതയുടെ മക്കളായ സൂര്യലാൽ, അനിയൻ ചന്ദ്രലാൽ എന്നിവരോടുള്ള പകയാണ് ഞായറാഴ്ച രാത്രി വീട് കയറി ആക്രമണത്തിൽ കലാശിച്ചത്. ഇതിനിടെ തലക്ക് വെട്ടും കമ്പി കൊണ്ടുള്ള ആക്രമണത്തിൽ വാരി എല്ലുകൾക്ക് പൊട്ടലും ശരീരമാസകലം മർദനവും ഏറ്റ സുജാത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചക്കാണ് മരണപ്പെട്ടത്.

മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾക്കിടയിലുണ്ടായ സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചത്. മണ്ണെടുപ്പിനെ എതിർത്ത സംഘത്തിൽ ഉൾപ്പെട്ട ഒരാളുടെ കുഞ്ഞിനെ പട്ടിയെക്കൊണ്ട് കടിപ്പിച്ചവരാണ് അറസ്റ്റിലായവർ. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി സൂര്യലാലിനെയും ചന്ദ്രലാലി തിരഞ്ഞു വീട്ടിലെത്തിയ അക്രമികൾ സുജാതയെ ആക്രമിക്കുകയായിരുന്നു. തുണികൊണ്ട് മുഖം മറച്ചാണ് അക്രമികൾ എത്തിയത്.

ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തുതർക്കം നിലനിന്നിരുന്നു. ഇതിനിടെ സന്ധ്യയുടെ വീട്ടുകാർ ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുക്കാനുള്ള നീക്കം നടത്തിയത് ശരണിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശനിയാഴ്ച തടഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും സുജാതയുടെ മക്കളുമായ ഗുണ്ടാ പശ്ചാത്തലമുള്ള സൂര്യലാൽ, ചന്ദ്രലാൽ എന്നിവർ ചേർന്ന് രംഗത്തിറങ്ങി. തുടർന്ന് ശരണിന്‍റെയും ബന്ധുക്കളുടെയും വീട് കയറി ശനിയാഴ്ച ആക്രമണം നടത്തി.

അഞ്ച് വളർത്തുനായ്ക്കളെയും കൂട്ടി എത്തിയ സൂര്യലാലും ചന്ദ്രലാലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘർഷത്തിനിടെ ഒന്നരവയസ്സുള്ള കുട്ടിക്ക് നായുടെ കടിയേറ്റു. ഇതോടെ സംഘർഷം മൂർച്ഛിച്ചു. ഇതിനിടെ ആക്രമിക്കപ്പെട്ടവർ തിരിച്ചടിക്കാനായി ഞായറാഴ്ച രാത്രി 10.30 ഓടെ സൂര്യ ലാലിന്‍റെയും ചന്ദ്രലാലിന്‍റെയും വീട്ടിൽ എത്തിയപ്പോൾ മാതാവ് സുജാത മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സഹോദരങ്ങളായ ഇവർ തിരിച്ചടി പ്രതീക്ഷിച്ച് വീട്ടിൽനിന്ന് മാറി നിൽക്കുകയായിരുന്നു.

മുഖംമറച്ച് എത്തിയ ഗുണ്ടകൾ വീടിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയ സുജാതയുടെ തല വെട്ടിപ്പരിക്കേൽപ്പിച്ച് ക്രൂരമായി മർദിച്ചു. വീട്ടിലെ സകല സാധനങ്ങളും നശിപ്പിച്ച് സമീപത്തെ 30 അടി താഴ്ചയുള്ള കിണറ്റിൽ എടുത്തിട്ടു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജീവൻ രക്ഷിക്കാനുള്ള ശ്രമം നടക്കവെയാണ് സുജാത മരിച്ചത്.

Tags:    
News Summary - Two sons arrested in case of murder of housewife in Adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.