ശബരിമല: ശബരിമലയിൽ യുവതീപ്രവേശനം. നവോത്ഥാന സംരക്ഷണത്തിനായി വനിതാമതിൽ ഉയർന്നതിനു പിേറ്റന്ന് പുലർച്ചെ സന്നിധാനത്ത് രണ്ട് യുവതികൾ ദർശനം നടത്തി. ഡിസംബർ 24ന് സന്നിധാനത്തിന് അടുത്തുവരെയെത്തി പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു (41), മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വേദശി കനകദുർഗ (40) എന്നിവരാണ് ബുധനാഴ്ച പുലർച്ച 3.48ന് ദർശനം നടത്തിയത്. പൊലീസ് സംരക്ഷണയിൽ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ നടത്തിയ ദർശനവിവരം എട്ടുമണിയോടെ ബിന്ദുവും കനകദുർഗയും വെളിപ്പെടുത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചതോടെ തന്ത്രി നടയടച്ചു. ശുദ്ധിക്രിയകൾ നടത്തിയാണ് വീണ്ടും തുറന്നത്.
പുലർച്ച ഒന്നരയോടെയാണ് യുവതികൾ പമ്പയിലെത്തിയത്. മഫ്തിയിൽ െപാലീസ് സംരക്ഷണം നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരേ വിവരം അറിഞ്ഞുള്ളൂ. സന്നിധാനത്തിന് പിന്നിലെ ബെയ്ലി പാലത്തിലൂടെ മൂന്നരയോടെയാണ് സന്നിധാനത്ത് എത്തിയത്. തുടർന്ന് പതിനെട്ടാംപടിയുടെ വശത്തുകൂടി ജീവനക്കാർക്ക് പ്രവേശിക്കാനുള്ള ഗേറ്റുവഴി തിരുമുറ്റെത്തത്തി. പുലർച്ച 3.48ന് കൊടിമരച്ചുവട്ടിലെ പ്രധാന കവാടത്തിലൂടെ കടന്ന് ദർശനം നടത്തി 3.53ഓടെ ക്ഷേത്രത്തിന് പിന്നിലെ പടിക്കെട്ടിലൂടെ ഇറങ്ങി ബെയ്ലി പാലംവഴി തന്നെ പമ്പയിലേക്ക് മടങ്ങി. മഫ്തിയിലുള്ള ആറ് പൊലീസുകാർ സുരക്ഷാവലയം തീർത്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
യുവതികളുടെ ക്ഷേത്രദർശന വാർത്ത സ്ഥിരീകരിച്ചതോടെ തന്ത്രി കണ്ഠരര് രാജീവര് മേൽശാന്തി അടക്കമുള്ളവരുമായി കൂടിയാലോചന നടത്തി. തുടർന്ന് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറെ വിളിച്ചുവരുത്തി ആചാരലംഘനം നടന്നതിനാൽ നട അടയ്ക്കുകയാണെന്ന് അറിയിച്ചു. പുലർച്ച ആരംഭിച്ച നെയ്യഭിഷേകം നിർത്തിവെച്ചു. പത്തരയോടെ മേൽശാന്തി വാസുദേവൻ നമ്പൂതിരി നടയടച്ചു. 10.40 ഒാടെ പരിഹാരക്രിയകൾ ആരംഭിച്ചു. പഞ്ചപുണ്യാഹം, ബിംബശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്ത ഹോമം, വിളിച്ചുചൊല്ലി പ്രാർഥന എന്നീ പരിഹാരക്രിയകൾക്ക് ശേഷം 11.30 ഒാടെയാണ് നട വീണ്ടും തുറന്നത്.
ഇതിനുശേഷം തീർഥാടകരെ പതിനെട്ടാം പടിയിലേക്ക് കടത്തിവിടുകയും നെയ്യഭിഷേകം പുനരാരംഭിക്കുകയും ചെയ്തു. ദർശനം നടത്തിയ യുവതികൾ പതിനെട്ടാംപടി ചവിട്ടിയില്ല എന്നതിനാൽ കടുത്ത ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് പരിഹാരക്രിയകൾ വേഗത്തിൽ പൂർത്തിയാക്കി നട തുറന്നത്. ദർശനത്തിെനത്തുന്ന യുവതികളെ തടയുമെന്ന പ്രഖ്യാപനം നടത്തി മണ്ഡലകാലാരംഭം മുതൽ സന്നിധാനത്ത് തമ്പടിച്ച സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്കുള്ള തിരിച്ചടികൂടിയായി യുവതീപ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.