തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹം അടക്കം രോഗങ്ങളുള്ള എല്ലാ കുട്ടികൾക്കും വീടുനടുത്ത സ്കൂളുകളിൽ ഏകജാലക സംവിധാനത്തിലൂടെ പ്ലസ് ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമീഷൻ. രോഗമുള്ള കുട്ടികളെ പരിചരിക്കുന്നതിന് മുഴുവൻ സ്കൂളിലും ചുരുങ്ങിയത് രണ്ട് അധ്യാപകർക്ക് പരിശീലനം നൽകണം. കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ വഴി അധ്യാപകർക്ക് പരിശീലനം നൽകാൻ നടപടി വേണം.
എല്ലാ സ്കൂളിലും അസുഖമുള്ള കുട്ടികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വിശ്രമിക്കുന്നതിനും കുത്തിവെപ്പ് എടുക്കുന്നതിനും സിക്ക് റൂമുകൾ സജ്ജമാക്കാനും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് ചികിത്സ രേഖകൾ സൂക്ഷിക്കുന്നതിനും സംവിധാനം ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസം, സാമൂഹികനീതി, ആരോഗ്യ കുടുംബക്ഷേമം എന്നീ വകുപ്പ് സെക്രട്ടറിമാർക്കും പൊതുവിദ്യാഭ്യാസം, വനിത ശിശുവികസന വകുപ്പ് ഡയറക്ടർമാർക്കും നിർദേശം നൽകി.
ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ (കേരള) പ്രതിനിധികളായ കാര്യവട്ടം സ്വദേശികളായ ബഷ്റ, ഷിഹാബ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ ചെയർപേഴ്സൻ കെ.വി. മനോജ് കുമാർ, അംഗങ്ങളായ പി.പി. ശ്യമാളാദേവി, ബി. ബബിത എന്നിവരുടെ ഫുൾ ബെഞ്ചാണ് ഉത്തരവ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.