ആലപ്പുഴ: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനങ്ങളുമായി കായംകുളം എം.എൽ.എ യു. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ ഇപ്പോഴും സർവസമ്മതരായി നടക്കുന്നുണ്ടെന്നും ഈ നേതാക്കൻമാരെ ചവറ്റുകുട്ടയിലാക്കുന്ന കാലം വിദൂരമല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ യു. പ്രതിഭ അഭിപ്രായപ്പെട്ടു. നിയമാസഭാ തെരഞ്ഞടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്തു നിന്നാണെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
എന്നാൽ, യു. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ആലപ്പുഴ ജില്ല സമ്മേളന റിപ്പോർട്ടിൽ കായംകുളത്തെ വിമതപ്രവർത്തനം വ്യക്തമായി ഉൾപ്പെടാതിരുന്നതാണ് പ്രതിഭയുടെ പരസ്യ വിമർശനത്തിന് കാരണമെന്നാണ് സുചന. വിമർശകർ പാർട്ടിക്കുള്ളിലും പദവികളിലും സ്വീകാര്യത നേടിയതും ചൊടിപ്പിച്ചു. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന പ്രതിഭയെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെതിരെ ഒരുവിഭാഗം പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.
നഗരസഭ ചെയർമാനും ജില്ല കമ്മിറ്റി അംഗവുമായിരുന്ന എൻ. ശിവദാസനുമായുള്ള തർക്കമാണ് പാർട്ടിയുമായി ഇടയാൻ പ്രധാന കാരണം. ശിവദാസനെ പിന്തുണക്കുന്ന ഡി.വൈ.എഫ്.ഐയിലെ ഒരുവിഭാഗം എം.എൽ.എക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെ വിഷയം വഷളായി.
ഇവർ വീണ്ടും സ്ഥാനാർഥിയായാൽ പന്തംകൊളുത്തി പ്രകടനം അടക്കം നടത്തുമെന്ന മുന്നറിയിപ്പ് ഡി.വൈ.എഫ്.ഐ കേന്ദ്രങ്ങളിൽനിന്നുണ്ടായി. അതിനിടെ കെ.എച്ച്. ബാബുജാനെ സ്ഥാനാർഥിയാക്കണമെന്ന ചർച്ച സജീവമാക്കിയും എം.എൽ.എയെ പ്രതിരോധിച്ചു. ബാബുജാന് അനുകൂലമായി ഏരിയ കമ്മിറ്റിയിൽ ഭൂരിപക്ഷ അഭിപ്രായം ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ പ്രതിഭ വീണ്ടും സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്. എന്നെകൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായി ചെയ്യും.
തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ, താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെനിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു.
ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ
പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തുനിന്നാണ്. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്.
എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായി നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായി പ്രവർത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോടാണ് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ, നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.