'തിരഞ്ഞെടുപ്പ് കാലത്ത് കണ്ട ആട്ടിൻകുട്ടികൾ വീണ്ടും ചെന്നായ്ക്കളായിരിക്കുന്നു'; മൻസൂറിന്‍റെ കൊലപാതകത്തിൽ സി.പി.എമ്മിനെതിരെ യു.ഡി.എഫ്​ നേതാക്കൾ

കൂത്തുപറമ്പ്​: കണ്ണൂർ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) വെട്ടിക്കൊന്ന കേസിൽ പ്രതികരണവുമായി മുസ്​ലിംലീഗ്​, കോൺഗ്രസ്​ നേതാക്കൾ. ആക്രമണത്തിൽ സി.പി.എം പ്രവർത്തകൻ ഷിനോസ്​ പിടിയിയിലായിരുന്നു. വീട്ടിൽ കയറില ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്​സിന്​ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി

വീണ്ടുമൊരു യൗവ്വനം കൂടി സി.പി.എമ്മിന്‍റെ രക്തദാഹത്തിന് ഇരയായിരിക്കുന്നു.കൂത്തുപറമ്പിലെ മൻസൂർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കേട്ടത്.രാഷ്​ട്രീയത്തിൽ എതിർചേരിയിൽ പ്രവർത്തിക്കുന്ന കഴിവും, ചുറുചുറുക്കും, ക്രിയാശേഷിയുമുള്ള യുവാക്കളെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സി.പി.എം കൊന്നുതള്ളുന്നത് ഇതാദ്യമല്ല. പ്രാകൃതമായ പ്രതികാര നടപടികളുമായി നിലകൊള്ളുന്ന സി.പി.എമ്മിനെ പുരോഗമനപ്രസ്ഥാനമായി കണക്കാക്കുന്നത് പോലും സാംസ്കാരിക കേരളത്തിന് അപമാനമായിരിക്കുന്നു.കൊടും ക്രിമിനലുകളെ രാഷ്ട്രീയലാഭത്തിന് തീറ്റിപ്പോറ്റുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.കൊല്ലപ്പെട്ട പ്രവർത്തകന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളുമുണ്ടാകും. അവരുടെദുഃഖത്തിൽ പങ്കുചേരുന്നു.

കെ.എം ഷാജി

തെരഞ്ഞെടുപ്പ് കാലത്ത് നാം കണ്ട ആട്ടിൻകുട്ടികൾ തോലഴിച്ചു വെച്ച്‌ വീണ്ടും ചെന്നായ്ക്കളായിരിക്കുന്നു .ഇവരീ ക്രൂരത അവസാനിപ്പിക്കാൻ ഒരു സാധ്യതയുമില്ലെന്നു നമുക്കുറപ്പുണ്ടായിരുന്നു. കുറച്ചു കാലത്തെ ഇടവേള ജനത്തെ പറ്റിക്കാനുള്ളതാണെന്ന് നമ്മൾ പറഞ്ഞു കൊണ്ടിരുന്നത് അത് കൊണ്ടാണ്.പ്രിയപ്പെട്ട മൻസൂറിന് പ്രാർഥനകൾ. അള്ളാഹു പരലോകം നല്ലതാക്കട്ടെ. ആമീൻ

വി.ടി ബൽറാം

പോളിങ്​ കഴിഞ്ഞ് മണിക്കൂറുകൾ പോലും കാത്തു നിൽക്കാനാവുന്നില്ല സി.പി.എമ്മിന്, കരുതലി​േന്‍റയും മനുഷ്യ സ്നേഹത്തി​േന്‍റയും പ്രച്ഛന്നവേഷം അഴിച്ചു വച്ച് യഥാർഥ കമ്മ്യൂണിസ്റ്റ് ഭീകരത പുറത്തെടുക്കാൻ. കണ്ണൂർ കൂത്തുപറമ്പിൽ സിപിഎമ്മിന്‍റെ കൊലക്കത്തിക്കിരയായ മൻസൂറിന് ആദരാഞ്ജലികൾ.

പി.കെ ഫിറോസ്​

പ്രിയപ്പെട്ട മൻസൂറിനെ അവർ വെട്ടി ഇല്ലാതാക്കിയത് ജനാധിപത്യ മാർഗ്ഗത്തിൽ വോട്ട് സംഘടിപ്പിക്കാൻ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ്. കൊല്ലുമെന്ന് ഉറപ്പിച്ചു പ്രതികൾ തന്നെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നു. രാത്രി ബോംബെറിയുന്നു, വെട്ടിക്കൊല്ലുന്നു.വോട്ട് പെട്ടിയിലാവുന്ന അവസാന നിമിഷം വരെ കാത്തുനിന്നു. ഒടുവിൽ സി.പി.എം തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തു.ഇന്നലെവരെ സജീവമായി പ്രവർത്തിച്ചിരുന്ന പ്രിയപ്പെട്ട മൻസൂർ, ഇന്ന് ജീവനറ്റു കിടക്കുന്നു. പ്രാർഥന പകരം നൽകട്ടെ.!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.