ചാത്തന്നൂർ (കൊല്ലം): കല്ലുവാതുക്കൽ പഞ്ചായത്തിൽ ബി.ജെ.പി ഭരണത്തിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ഇടതു പിന്തുണയിൽ പാസായി. ഇതോടെ കൊല്ലം ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്തിൽ അവർക്ക് ഭരണം നഷ്ടമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.ജെ.പിയുടെ എസ്. സുദീപക്കെതിരെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി ലീഡർ പ്രതീഷ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷം പിന്താങ്ങുകയായിരുന്നു. 23 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി-ഒമ്പത്, യു.ഡി.എഫ്- എട്ട്, എൽ.ഡി.എഫ്-ആറ് എന്നിങ്ങനെയാണ് കക്ഷിനില.
വോട്ടിങ്ങിൽ കോൺഗ്രസിന്റെ എട്ട് അംഗങ്ങളും ഇടതുപക്ഷത്തിന്റെ ആറ് അംഗങ്ങളും ചേർന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. ഒമ്പതിനെതിരെ 14 വോട്ടിന് പ്രമേയം പാസായി. തുടർന്ന്, വൈസ് പ്രസിഡന്റ് എസ്. സത്യപാലനെതിരെയുള്ള ആവിശ്വാസ പ്രമേയത്തിലും സമാനരീതിയിൽ ഇരുമുന്നണികളും ഒന്നിച്ചുനിന്ന് പ്രമേയം പാസാക്കി.
യു.ഡി.എഫിലെ ആർ.എസ്.പി അംഗം ഡി. സുഭദ്രാമ്മയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചകളിൽ ഒരേ സ്വരത്തിലായിരുന്നു എൽ.ഡി.എഫ്-യു.ഡി.എഫ് അംഗങ്ങൾ. ജില്ലയിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ചാത്തന്നൂർ മണ്ഡലത്തിലാണ് കല്ലുവാതുക്കൽ പഞ്ചായത്ത്. 20 വർഷമായി എൽ.ഡി.എഫ് ഭരിച്ച കല്ലുവാതുക്കൽ പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ബി.ജെ.പി ഭരണം പിടിച്ചത്. പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.