കാസർകോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ‘പടയൊരുക്കം’ ജാഥ ഇന്ന് വൈകീട്ട് നാലിന് മഞ്ചേശ്വരം ഉപ്പളയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരായ പടയൊരുക്കം ബി.ജെ.പിയും എൽ.ഡി.എഫും നടത്തിയ ജാഥകളെ മറികടക്കുമെന്ന് ജാഥ കൺവീനർ വി.ഡി. സതീശൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.എം. ഹസന്, കെ.പി.എ. മജീദ്, എം.പി. വീരേന്ദ്രകുമാര്‍, എം.കെ. പ്രേമചന്ദ്രന്, അനൂപ് ജേക്കബ്, സി.പി. ജോണ്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. വൈകീട്ട് അഞ്ചിന് കാസര്‍കോട്ട് ജാഥക്ക് സ്വീകരണം നല്‍കും. 30 ദിവസത്തെ പര്യടനം പൂർത്തിയാക്കി ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി പെങ്കടുക്കുന്ന റാലിയോടെ സമാപിക്കും.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ യു.ഡി.എഫ് പ്രവർത്തകരെ പെങ്കടുപ്പിച്ച് നവംബർ എട്ടിന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന സ്വീകരണ റാലി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് നവംബർ 17ന് നടക്കുന്ന റാലി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്യും.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിങ്, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് ഖാദർ മൊയ്തീൻ, ജനതാദൾ നേതാവ് ശരത് യാദവ്, കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, പി.ചിദംബരം, ജയറാം രമേശ്, കപിൽ സിബൽ, സചിൻ പൈലറ്റ് തുടങ്ങിയ നേതാക്കൾ വിവിധ ജില്ലകളിലായി സ്വീകരണ പരിപാടിയിൽ സംബന്ധിക്കും.
ജാഥയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനരോഷം പ്രതിഫലിപ്പിക്കുന്ന ഒരുകോടി ഒപ്പുകൾ പൊതുജനങ്ങളിൽനിന്ന് ശേഖരിക്കും. മൂന്നര മീറ്റർ നീളവും ഒരുമീറ്റർ വീതിയുമുള്ള വെള്ള ബാനറിലാണ് ഒപ്പുകൾ ശേഖരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സിഗ്നേച്ചർ കാമ്പയിനായിരിക്കും ഇതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.