തിരുവനന്തപുരം: കെ-റെയിലിന് മുന്നോടിയായി യു.ഡി.എഫ് മുന്നോട്ടുവെച്ച സബർബൻ റെയിൽ 2017ൽ തന്നെ റെയിൽവേ തള്ളിയ പദ്ധതി. നിലവിലെ റെയിൽവേയുടെ പാതകൾ ഇതിനായി ഉപയോഗിക്കുന്നതിനോട് റെയിൽവേ യോജിക്കുന്നില്ല. പകരം സബർബനായി പ്രത്യേക റെയിൽപാത നിർമിക്കാമെന്നായിരുന്നു റെയിൽവേയുടെ നിർദേശം. ഇതിന്റെ രേഖ പുറത്തുവന്നു. നിലവിലെ റെയിൽവേ സംവിധാനങ്ങൾ കൂടി പദ്ധതിക്ക് ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം കുറയ്ക്കുന്നതടക്കം നിർദേശം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
കെ-റെയിലിന്റെ ബദലായി യു.ഡി.എഫ് സബർബൻ റെയിലിനെയാണ് ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇത് വ്യക്തമാക്കുകയും ചെയ്തു. ഹൈസ്പീഡ് റെയിൽ എന്ന ആശയത്തിൽനിന്ന് എതിർപ്പിനെ തുടർന്ന് പിന്മാറുന്ന സ്ഥിതി വന്നിരുന്നു. പകരമാണ് സബർബൻ റെയിൽ എന്ന ആശയം അന്നത്തെ യു.ഡി.എഫ് സർക്കാർ മുന്നോട്ടുവെച്ചത്.
10000 കോടി ചെലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ റെയിൽ സർവിസായിരുന്നു സബർബൻ. ആദ്യഘട്ടം തിരുവനന്തപുരം-ചെങ്ങന്നൂർ വരെയും. നിലവിലെ റെയിൽപാതയിലൂടെ നടപ്പാക്കുള്ള നിർദേശം അന്ന് റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്തു.
2017ലാണ് ഇതിന് റെയിൽവേ മറുപടി നൽകിയത്. നിലവിലെ പാതയിലൂടെ സർവിസ് സാധ്യമല്ലെന്നായിരുന്നു റെയിൽവേയുടെ നിലപാട്. സബർബനുമായി മുന്നോട്ടുപോയാലും പുതിയപാത നിർമിക്കണമെന്ന നിലപാടാണ് റെയിൽവേ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.