മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇടപെട്ടെന്ന ആരോപണവുമായി യു.ഡി.എസ്.എഫ്. എസ്.എഫ്.ഐക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ (യു.യു.സി) മന്ത്രി ആർ. ബിന്ദു ഫോണിൽ ബന്ധപ്പെട്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞു. കെ.എസ്.യു ഭാരവാഹികൾ അടുത്തുനിൽക്കെ ഫോണിലൂടെ യൂണിവേഴ്സിറ്റി മന്ത്രിയെന്ന് പരിചയപ്പെടുത്തിയാണ് മന്ത്രി വിളിച്ചതെന്നും മലപ്പുറം ഡി.സി.സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യു.ഡി.എസ്.എഫ് നേതാക്കൾ ആരോപിച്ചു.
എസ്.എഫ്.ഐ കൊണ്ടുവരുന്ന രാഷ്ട്രീയ അരാജകത്വം തിരസ്‌കരിക്കാൻ വിദ്യാർഥികൾ തയാറായി. യു.യു.സിമാരെ തട്ടിക്കൊണ്ട് പോയി വോട്ട് നഷ്ടപ്പെടുത്താനാണ് എസ്.എഫ്.ഐ ശ്രമിച്ചത്. എന്നാൽ, എസ്.എഫ്.ഐക്കാർ തന്നെ യു.ഡി.എസ്.എഫിന് വോട്ട് ചെയ്തു. യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിലെ വിജയം തുടക്കമാണ്. വിദ്യാഭ്യാസ മേഖലയോട് കാണിക്കുന്ന അനീതിക്കെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങി പിണറായി ഭരണത്തിന് അന്ത്യം കുറിക്കും. 12 വോട്ടുകൾ ഉണ്ടെന്ന് അവകാശപ്പെട്ട മൂന്നാമത്തെ മുന്നണിയുടെ വോട്ട് എവിടെയും കണ്ടില്ല. ആ വോട്ടുകൾ എസ്.എഫ്.ഐക്ക് ലഭിച്ചതിൽ ഞങ്ങൾക്ക് പരാതിയില്ലെന്നും പി.കെ. നവാസ് പറഞ്ഞു.
ഭരണത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയിട്ടും എസ്.എഫ്.ഐക്ക് യൂണിവേഴ്സിറ്റി പിടിച്ചെടുക്കാൻ പറ്റിയില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു. യു.ഡി.എസ്.എഫിന്‍റെ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടെ വിജയമാണ്. വലിയ മിഷനറിയാണ് എസ്.എഫ്.ഐക്ക് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത്.
എസ്.എഫ്.ഐക്ക് പിന്നിൽ പല കാമ്പസുകളിലും ക്രിമിനൽ കോക്കസ് പ്രവർത്തിക്കുന്നുണ്ട്. ഇടതുപക്ഷ അധ്യാപക സംഘടനകൾ അതിന് കൂട്ടുനിൽക്കുകയാണ്. ഇടതുപക്ഷ സർക്കാറിന്റെ വിദ്യാർഥി വിരുദ്ധ നിലപാടിനേറ്റ അടിയാണ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ഫലമെന്നും അലോഷ്യസ് പറഞ്ഞു. പത്രസമ്മേളനത്തിൽ സി.കെ. നജാഫ്, അഷ്ഹർ പെരുമുക്ക്, മുഹമ്മദ് ആസിഫ്, ഷറഫുദ്ദീൻ പിലാക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.