ഉജ്ജീവന വായ്പ പദ്ധതി: അനർഹമായി അനുവദിച്ച വായ്പ സബ്‌സിഡി തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് :ഉജ്ജീവന വായ്പ പദ്ധതിയിൽ തുക അനർഹമായി അനുവദിച്ചത് തിരിച്ചുപിടിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. 2018 ലെ പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ട ക്ഷീര/ പൌൾട്രി/തേനീച്ച /അലങ്കാര പക്ഷി കർഷകർ/സൂക്‌ഷ്മ, ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന സംരംഭകർക്കാണ് പദ്ധതി പ്രകാരം തുക അനുവദിച്ചത്.

ഇവരുടെ ജീവനോപാധി പുനരുജ്ജീവിപ്പിക്കുന്നതിനായി ബാങ്കുകളിൽ നിന്ന് എടുക്കുന്ന ടേം ലോൺ/പ്രവർത്തന മൂലധന വായ്പ എന്നിവ നിബന്ധനകൾക്ക് വിധേയമായി മാർജിൻ മണി/താങ്ങ് പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുന്നതാണ് ഉജ്ജീവന വായ്പ പദ്ധതി.

ദുരന്ത ബാധിതരിൽ ജീവനോപാധി പുനരാരംഭിക്കുന്നതിനായി വർക്കിങ് ക്യാപ്പിറ്റൽ മാത്രം എടുക്കുന്നവർക്ക് വായ്പയുടെ 25 ശതമാനമോ ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് അത് മാർജിൻ മണിയായി ബാങ്കുകൾക്ക് നൽകുവാനും വ്യവസ്ഥ ചെയ്തിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം ശിപാർശ ചെയ്ത ഗുണഭോക്താക്കൾക്ക് ആണ് ഇടുക്കി ജില്ലയിൽ ധനസഹായം അനുവദിച്ചത്.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സമർപ്പിച്ച ലിസ്റ്റിൽ 108 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഇടുക്കി കലക്ടറേറ്റിൽ നിന്ന് ലഭിച്ച ലിസ്റ്റിൽ 76 ഗുണഭോക്താക്കളുടെ ലിസ്റ്റ് ആണ് ഉണ്ടായിരുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട 37 ഗുണഭോക്താക്കൾ ജില്ലാ കലക്ടറേറ്റിൽ നിന്ന് ലഭ്യമാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ടില്ല.

ഗുണഭോക്താക്കളുടെ എണ്ണം വ്യത്യാസമുള്ളതിനാൽ പുതുക്കിയ ലിസ്റ്റ് ലഭ്യമാക്കുവാൻ ജില്ലാ കലക്ടറോടും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരോടും അഭ്യർഥിച്ചു. അത് പ്രകാരം ജില്ലാ വ്യവസായ കേന്ദ്രത്തിൽ മുഖേന 112 ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിച്ചതായി അറിയിച്ചു. കലക്ടറേറ്റിൽ നിന്ന് ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം 97 ഗുണഭോക്താക്കൾക്കാണ് ധനസഹായം ലഭിച്ചത്.

കണക്കുകളിലെ ഈ വ്യത്യാസം കണ്ടെത്തിയതിനാൽ ഉജ്ജീവന വായ്പ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താവിന് ഒന്നിലധികം തവണ മാർജിൻമണി ലഭിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണെന്ന ശിപാർശ ചെയ്തു. ഇടുക്കി ജില്ലയിൽ നിന്നും മാർജിൻമണി/താങ്ങ് പലിശ നൽകിയ എല്ലാ ഗുണഭോക്താക്കളുടെയും വിവരങ്ങളും കലക്ടറേറ്റിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ ഒരു വ്യക്തിക്ക് തന്നെ ഒന്നിലധികം തവണ ധനസഹായം ലഭിച്ചോ എന്ന് കലക്ടർക്ക് ഉറപ്പുവരുത്തുവാൻ കഴിയുന്നില്ല.

അതിനാൽ ഇടുക്കി ജില്ലയിൽ മാർജിൻമണി നൽകിയ എല്ലാ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ലിസ്റ്റ് കാലികമാക്കി സൂക്ഷിക്കുന്നതിനും അതിൻറെ വിശദാംശങ്ങൾ ധനകാര്യ വകുപ്പിനെ അറിയിക്കുന്നതിനും ആവശ്യമായ നിർദേശം ഇടുക്കി കലക്ടർക്ക് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ചെറുതോണി, പുതുപ്പള്ളി സ്വദേശി റഷിദ സന്തോഷ് എന്നയാൾക്ക് ഉജ്ജീവന വായ്പ പദ്ധതി പ്രകാരമുള്ള അപേക്ഷ ഉപജില്ലാ വ്യവസായ ഓഫീസ് തൊടുപുഴയിൽ നിന്നും ശുപാർശ ചെയ്ത് യൂണിയൻ ബാങ്ക് ചെറുതോണിക്ക് അയച്ചിരുന്നു. എന്നാൽ, യൂനിയൻ ബാങ്ക് പലതവണ ആവശ്യപ്പെട്ടിട്ടും അപേക്ഷക ബാങ്കിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ ഇവരുടെ അപേക്ഷ നിരസിച്ചതായി ബാങ്കിൽ നിന്നും അറിയിച്ചു. ഇക്കാര്യം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.

എന്നാൽ ഈ വ്യക്തിക്ക് ലോൺ അനുവദിച്ച് നൽകിയിട്ടുണ്ടെന്നാണ് ജില്ലാ കലക്ടറേറ്റിൽ നിന്ന് അറിയിച്ചത്. ബാങ്കിൽ നിന്ന് വായ്പ അനുവദിക്കാത്ത വ്യക്തിക്ക് സബ്‌സിഡി നൽകിയത് സംബന്ധിച്ച് പരിശോധിക്കേണ്ടതും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് ശിപാർശ.

ഇടുക്കി കലക്ടറേറ്റിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും ലഭ്യമാക്കിയ വിവരങ്ങൾ പരിശോധിച്ചതിൽ ഒരു സ്ഥാപനത്തിന് രണ്ട് വ്യക്തികളുടെ പേരിൽ ധനസഹായം അനുവദിച്ചതായി കണ്ടെത്തി. ഇപ്രകാരം ഒരു സ്ഥാപനത്തിന് രണ്ട് തവണ ധനസഹായം നൽകിയത് സംബന്ധിച്ച് പരിശോധിക്കണം. അനർഹമായാണ് വായ്പക്ക് സബ്‌സിഡി അനുവദിച്ചതെങ്കിൽ അത് തിരികെ ഈടാക്കാനുമുള്ള നിർദേശം ഇറുക്കി കലക്ടർക്ക് നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.

ഉജ്ജീവന വായ്പ പദ്ധതി, പ്രളയത്തിൽ ജീവനോപാധി നഷ്ടപെട്ടവർക്ക് ഉപജീവന മാർഗങ്ങൾ ബാങ്ക് വായ്പ എടുത്ത് ആരംഭിക്കുന്നതിനായി നടപ്പിലാക്കിയതാണ്. എന്നാൽ മാർജിൻ മണി/താങ്ങ് ശാസ്ത്രത്തിൻറെ കൈപ്പറ്റിയ ഗുണഭോക്താക്കളുടെ സ്ഥാപനം പ്രവർത്തനം തുടരുന്നുണ്ടോ നിലവിൽ പരിശോധന നടത്തിയിട്ടില്ല.

ഗുണഭോക്താക്കൾക്ക് ഇപ്രകാരം തുകകൾ ലഭിച്ചോയെന്നുള്ള വിവരങ്ങൾ വായ്പക്കായി ശുപാർശ ചെയ്ത് ജില്ലാ വ്യവസായ കേന്ദ്രത്തെ അറിയിക്കുകയോ സ്ഥാപനം ഈ പദ്ധതിയിൽ എന്തെങ്കിലും തുടർ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നില്ല.

അതിനാൽ ധനസഹായം അനുവദിക്കുമ്പോൾ ധനസഹായത്തിന് ശുപാർശ ചെയ്ത ജില്ലാ വ്യവസായ കേന്ദ്രത്തെ അറിയിക്കണം. പദ്ധതി വിഭാവനം ചെയ്തതുപോലെ ജീവനോപാധി പുനരുജ്ജീവിപ്പിക്കുന്നതിന് തന്നെയാണോ ഉപയോഗിച്ചതെന്ന് ബന്ധപ്പെട്ട വ്യവസായ വികസന ഓഫീസർമാർ ഉറപ്പ് വരുത്തണമെന്ന് റിപ്പോർട്ടിൽ ശിപാർശചെയ്തു. 

Tags:    
News Summary - Ujjivan Loan Scheme: Report calls for recovery of loan subsidy disbursed ineligibly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.