കൊടുങ്ങല്ലൂർ: വെള്ളത്തിന് മുകളിൽ 50 അടി വലുപ്പമുള്ള കമൽഹാസൻ ചിത്രം തീർത്ത് ഡാവിഞ്ചി വിസ്മയം. നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ രൂപപ്പെടുത്തുന്ന ഡാവിഞ്ചി സുരേഷിന്റെ 85ാം മീഡിയം ഉപയോഗിച്ചുള്ള ചിത്രമാണിത്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള 2500 എ ഫോർ ഫീറ്റുകൾ ഉപയോഗിച്ചാണ് സ്വിമ്മിങ്പൂളിൽ ഉലകനായകൻ കമലഹാസന്റെ ചിത്രം ഒരുക്കിയത്.
മൂന്നാറിലെ വൈബ് റിസോർട്ടിന്റെ അഞ്ചാം നിലയിലെ സ്വിമ്മിങ് പൂളിൽ രണ്ടുദിവസംകൊണ്ടാണ് 50 അടി നീളവും 30 അടി വീതിയിലും ചിത്രം നിർമിച്ചത്. കണ്ടന്റ് ക്രിയേറ്റേഴ്സ് ഓഫ് കേരള എന്ന യൂട്യൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ഡാവിഞ്ചി സുരേഷ് വെള്ളത്തിന് മുകളിൽ വലിയ ചിത്രം സാധ്യമാക്കിയത്.
തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയത്തിലും വലിയ ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിങ്പൂൾ കാൻവാസ് ആക്കുന്നത് ആദ്യമാണെന്ന് സുരേഷ് പറഞ്ഞു. സുരേഷിന്റെ മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവരും സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ചിത്രങ്ങൾ കാമറയിൽ പകർത്തി. റോബിൻ സിൻ, വൈബ് റിസോർട്ട് ജി.എം. വിമൽ റോയ്, എ.ജി.എം ബേസിൽ എന്നിവരും സഹായവുമായി ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.