കൊച്ചി: എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എം.എൽ.എക്ക് ഗാലറിയിൽ നിന്ന് വീണ് ഗുരുതര പരിക്കേൽക്കാനിടയായ സംഭവത്തിൽ കൊച്ചി കോർപറേഷനും ഗുരുതര വീഴ്ച. പരിപാടിക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നഗരസഭ ഹെൽത്ത് ഓഫിസിലെ ഹെൽത്ത് ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നഗരസഭയുടെ റവന്യു, ആരോഗ്യ, എഞ്ചിനീയറിങ് വിഭാഗങ്ങളുടെ വീഴ്ചയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നഗരസഭയുടെ കലൂര്‍ 16ാം സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.എന്‍. നിതയെ ആണ് സസ്പെൻഡ് ചെയ്തത്. നൃത്തപരിപാടിയുടെ സംഘാടകരായ ‘മൃദംഗവിഷൻ’ പി.പി.ആര് ലൈസൻസിനായി (കേരള പ്ലേസസ് ഓഫ് പബ്ലിക് റിസോർട്ട് ആക്ട്) പ്രകാരം കലൂരിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് അപേക്ഷ നൽകിയിരുന്നു. പണം സ്വീകരിച്ച് പൊതുസ്ഥലങ്ങളില്‍ പരിപാടി നടത്തുന്നതിന് നഗരസഭ ആരോഗ്യ വിഭാഗം നൽകുന്നതാണ് പി.പി.ആര് ലൈസന്‍സ്.
പണം സ്വീകരിക്കാതെ നടത്തുന്നതിനാൽ പി.പി.ആർ ലൈസൻസ് ആവശ്യമില്ലെന്ന് പറഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടർ പരിപാടിയുടെ തലേ ദിവസം അപേക്ഷ നിരസിക്കുകയായിരുന്നു. എന്നാൽ, നൃത്തപരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും സ്പോൺസർമാരിൽ നിന്നും പണം സ്വീകരിച്ച് വരുമാനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന വിവരം പിന്നീട് പുറത്തുവന്നു. പരിപാടി നടക്കുന്ന സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർ നേരിട്ട് പരിശോധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകേണ്ടതാണെങ്കിലും അതുണ്ടായില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വകുപ്പ് മേധാവികളുടെ യോഗം വിളിച്ചപ്പോഴാണ് നഗരസഭ സെക്രട്ടറി ഇക്കാര്യം അറിയുന്നത് എന്നാണ് മേയർ എം. അനിൽകുമാർ പറയുന്നത്. വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.