കൊച്ചി: തട്ടിപ്പ് കേസിനെ തുടർന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ ഹൈകോടതിയിൽ ഹരജി. തൃശൂരിലെ നാല് ബാങ്കുകളിലായുള്ള അഞ്ച് അക്കൗണ്ടുകൾ മരവിപ്പിച്ചതുമൂലം ജീവനക്കാരുടെ ശമ്പളമടക്കം എല്ലാ ഇടപാടുകളും നിലച്ചത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാട്ടിയാണ് ഹരജി.
നേരത്തെ നൽകിയ ഹരജി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹരജി അനുവദിക്കുന്നതിനെ സർക്കാർ എതിർത്തതിനെ തുടർന്ന് എതിർപ്പ് രേഖാമൂലം സമർപ്പിക്കാൻ അനുമതി നൽകിയ ജസ്റ്റിസ് വി.ജി. അരുൺ വീണ്ടും ഡിസംബർ രണ്ടിന് പരിഗണിക്കാൻ മാറ്റി.
അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 65,98,810 രൂപയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന കേസിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. എന്നാൽ, 65.98 ലക്ഷത്തിനപ്പുറം വരുന്ന തുകയുടെ ഇടപാട് മരവിപ്പിക്കാൻ അന്വേഷണ സംഘത്തിന് അധികാരമില്ല. ഇത് വ്യാജ അക്കൗണ്ടാെണന്നോ അവശേഷിക്കുന്ന പണം നിയമവിരുദ്ധമായി ശേഖരിച്ചതാണെന്നോ ആരോപണമില്ല.
അംഗങ്ങളുടെ പണം വരുന്നതും വായ്പകൾ തിരിച്ചടക്കുന്നതും ഈ അക്കൗണ്ടുകളിലാണ്. കേസിൽ പ്രതികളല്ലാത്ത നിലവിലെ സെക്രട്ടറി ലക്ഷ്മി പരമേശ്വരെൻറയും ട്രഷറർ ദിവ്യയുടെയും പേരിൽ പുതിയ അക്കൗണ്ട് തുറക്കാൻ അനുവദിക്കണമെന്നും ക്രമക്കേട് ആരോപിക്കപ്പെടുന്ന തുക കഴിഞ്ഞുള്ള മുഴുവൻ പണവും പുതിയതിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ഹരജി പരിഗണിച്ച കോടതി, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതെന്തിനെന്ന് വാക്കാൽ ആരാഞ്ഞു. എന്നാൽ, ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്നതിനാൽ ആവശ്യം അംഗീകരിക്കരുതെന്ന് സർക്കാർ നിലപാടെടുത്തു. എതിർപ്പ് രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.