അടിവസ്ത്രം അഴിപ്പിച്ച സംഭവം: വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം അക്രമാസക്തം

കൊല്ലം: നീറ്റ് പരീക്ഷക്കിടെ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂർ മാർത്തോമ കോളജിലേക്ക് വിദ്യാർഥി സംഘടനകളുടെ മാർച്ച്. പൊലീസ് ബാരിക്കേഡുകൾ മറിച്ചിട്ട് സംഘടനകൾ പ്രതിഷേധിച്ചു. കോളജിന്റെ ജനൽച്ചില്ലുകൾ തകർത്തു. എസ്.എഫ്.ഐ, കെ.എസ്‍യു, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എ.ബി.വി.പി പ്രവർത്തകരാണ് മാർച്ച് നടത്തിയത്. എ.ബി.വി.പി പ്രവർത്തകർ കോളജിനകത്തേക്ക് കടന്ന് ജനൽച്ചില്ലുകൾ അടിച്ചുപൊട്ടിച്ചു. പ്രതിഷേധക്കാർ കോളജിനു നേരെ കല്ലെറിയുകയും ചെയ്തു.

ബാരിക്കേഡുകൾ മറിച്ചിട്ട് കോളജ് ഗേറ്റ് തള്ളിത്തുറന്ന് പൊലീസുകാരെ മർദിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ കോളജിനകത്തേക്ക് കടന്നത്. എസ്.എഫ്.ഐ പ്രവർത്തകർ കോളജിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വളരെ പണിപ്പെട്ടാണ് പൊലീസ് ഇവരെ കോളജിന്റെ ഗേറ്റിനു പുറത്തേക്ക് മാറ്റിയത്.

രാവിലെയും എല്ലാ വിദ്യാർഥി സംഘടനകളും പ്രതിഷേധിച്ചിരുന്നു. പിന്നീട് കൂടുതൽ അംഗങ്ങളുമായി വീണ്ടും വരികയായിരുന്നു.

അതേസമയം, കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്നും പരീക്ഷാ നടത്തിപ്പിനായി ഏൽപ്പിച്ച ഏജൻസികൾക്ക് വന്ന വീഴ്ചയാണെന്നും കോളജ് അധികൃതർ പ്രതികരിച്ചു. എന്നാൽ അടിവസ്ത്രം അഴിപ്പിച്ച തരത്തിലുള്ള സംഭവം കോളജിൽ ഉണ്ടായട്ടില്ലെന്ന് കോളജിൽ നിന്ന് റിപ്പോർട്ട് പോയിരുന്നു. അതേകുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ് ​ചെയ്യുന്നത്.

Tags:    
News Summary - Undressing incident: Protests by student unions turn violent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.