തിരുവനന്തപുരം: കേരളത്തിൽ മെഡിക്കൽ ബിരുദധാരികൾക്കിടയിലും തൊഴിലില്ലായ്മ രൂക്ഷം. സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒരുലക്ഷത്തിലധികം പേരാണ് രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നത്. സർക്കാർ-സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നിന്നായി 4500 ഓളം പേരാണ് വർഷം എം.ബി.ബി.എസ് കഴിഞ്ഞിറങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും പഠിച്ചുവരുന്ന 500 ലധികംപേർ വേറെയുമുണ്ട്. ഇതിന് ആനുപാതികമായി സർക്കാർമേഖലയിൽ തൊഴിൽ സാധ്യത കുറഞ്ഞതാണ് പ്രതിസന്ധി.
പി.എസ്.സി നിയമനങ്ങൾ പേരിന് മാത്രമാണ് നടക്കുന്നത്. കോർപറേറ്റ് ആശുപത്രികളാണ് പിന്നെയുള്ള ആശ്രയം.
ടാർഗറ്റ് നിശ്ചയിച്ച ജോലിയും ആനുപാതികമായി വേതനവും കിട്ടാതായതോടെ മിക്കവരും വിദേശത്തേക്ക് ചേക്കേറുകയാണ്. കോർപറേറ്റ് ആശുപത്രികളിലേക്ക് ചികിത്സകൾ കേന്ദ്രീകരിച്ചതോടെ സംസ്ഥാനത്ത് ഉണ്ടായിരുന്ന 8000 ത്തോളം ചെറിയ ക്ലിനിക്കുകളിൽ 2000 ത്തോളം പത്തുവർഷത്തിനിടയിൽ അടച്ചുപൂട്ടി. സർക്കാർ ആശുപത്രികളിൽ എൻട്രി കേഡർ തൊട്ട് പ്രമോഷൻ തസ്തികകളിൽവരെ വേണ്ടത്ര നിയമനങ്ങൾ നടക്കുന്നില്ല. ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി 8400 ഓളം ഡോക്ടർമാരുടെ തസ്തികയാണുള്ളത്. ഇതിൽ 6000 തസ്തിക ആരോഗ്യവകുപ്പിലാണ്.
പ്ലാനിങ് ബോർഡ് കണക്ക് പ്രകാരം ഒരുവർഷം രണ്ടുകോടി ജനങ്ങളാണ് ആരോഗ്യവകുപ്പിന് കീഴിൽ ചികിത്സ തേടുന്നത്. 50 ലക്ഷം പേർ മെഡിക്കൽകോളജ് ഒ.പികളിൽ എത്തുന്നു. പക്ഷെ ഇതിന് ആനുപാതികമായി ഡോക്ടർമാരോ നഴ്സുമാരോ പാരാമെഡിക്കൽ ജീവനക്കാരോ ഇല്ല. നാഷനൽ സാമ്പിൾ സർേവയുടെ കണ്ടെത്തൽ പ്രകാരം രാജ്യത്തെ ഏറ്റവും രോഗാതുരതയുള്ള സംസ്ഥാനമാണ് കേരളം. രോഗാതുരത കുറക്കാൻ ദേശീയ ആരോഗ്യനയത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴിലെ സബ്സെന്ററുകളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതി നടന്നുവരുകയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ 5408 സബ്സെന്ററുകളാണ് കേരളത്തിലുള്ളത്. 55 ലക്ഷം രൂപ നൽകിയാണ് ഈ സെന്ററുകളെ പുതുക്കി ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. അവിടെ നഴ്സിങ് ബിരുദധാരികളെ മിഡ്ലെവൽ സർവിസ് പ്രൊവൈഡർ (എം.എൽ.എസ്.പി) എന്ന നിലയിൽ നിയമിക്കാനാണ് കേന്ദ്രനിർദേശം.
അതുകൊണ്ട് പ്രയോജനം രോഗികൾക്ക് കിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എം.എൽ.എസ്.പിമാരായി കരാർ വ്യവസ്ഥയിൽ മെഡിക്കൽ ബിരുദധാരികളെ നിയമിച്ചാൽ പോലും രോഗികൾക്ക് ഡോക്ടർമാരുടെ സേവനം കിട്ടുന്നതോടൊപ്പം തൊഴിലില്ലായ്മക്ക് ഒരുപരിധിവരെ പരിഹാരവുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.