കോഴിക്കോട്: ഇന്ത്യക്കാരുടെ പൂർണസ്വാതന്ത്ര്യം എടുത്തുകളയുന്നതാണ് ഏക സിവിൽ കോഡെന്നും ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല, മുഴുവൻ ജനങ്ങളുടെയും പ്രശ്നമാണെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. നിരവധി ജീവിതരീതിയും സംസ്കാരവും ഉള്ളതാണ് ഇന്ത്യ. അതെല്ലാം വകവെക്കുന്നതാണ് നമ്മുടെ ഭരണഘടന. ആരുടെ സിവിൽ കോഡാണ് ഇവിടെ നടപ്പാക്കാൻ പോകുന്നത്. ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ മുംസ്ലിംകളുടെയോ എന്നാണ് അറിയേണ്ടത്. അതറിഞ്ഞാലേ കൂടുതൽ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
സമസ്ത 98ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സമസ്ത സെന്ററിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയശേഷം നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.
ഉന്നതപഠനത്തിന് മലബാറിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുകയും ബലിപെരുന്നാളിന് രണ്ട് ദിവസം അവധി നൽകുകയും വേണം. ഇക്കാര്യങ്ങളിൽ സർക്കാർ ഉടൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായതിൽ സമസ്തയുടെ പങ്ക് വലുതാണ്. തീവ്രതയുടെയും വിദ്വേഷത്തിന്റെയും അവിവേകത്തിന്റെയും നിലപാട് വിശ്വാസിക്ക് ചേർന്നതല്ലെന്നും സഹജീവികളോട് സഹിഷ്ണുതയോടെ മാത്രമേ പെരുമാറാവൂ എന്ന് സമസ്ത പുതുതലമുറയെ പഠിപ്പിച്ചു. സമസ്തക്ക് 10,435 മദ്റസകളുണ്ട്. ഉത്തരേന്ത്യയിലും ശക്തമായ പ്രവർത്തനം നടത്തുന്നു. 1926ൽ രൂപംകൊണ്ട പ്രസ്ഥാനം നാടിനും സമൂഹത്തിനും വെളിച്ചമേകിയ 97 വർഷങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് അലി ബാഫഖി, സെക്രട്ടറിമാരായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുറഹിമാൻ സഖാഫി, മെംബർ കെ.കെ. അഹമ്മദ്കുട്ടി മുസ്ലിയാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.