തിരുവനന്തപുരം: ഏക സിവിൽ കോഡ് ചർച്ച ചൂടുപിടിക്കുമ്പോഴും വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി സി.പി.ഐ ഏക സിവിൽ കോഡ് വിരുദ്ധ നിലപാട് പ്രഖ്യാപിച്ച് സി.പി.എം സജീവമായി നിൽക്കുമ്പോഴാണ് സി.പി.ഐയുടെ നിസ്സംഗത. വിഷയത്തിൽ സി.പി.ഐയുടെ ഒരു നേതാവും ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച ചോദ്യത്തിന് ദേശീയ നിർവാഹക സമിതി വിഷയം ചർച്ച ചെയ്ത് ശേഷം പ്രതികരിക്കാമെന്നാണ് സി.പി.ഐ നേതാക്കളുടെ മറുപടി. ജൂലൈ 13ന് ഡൽഹിയിലാണ് സി.പി.ഐ ദേശീയ നിർവാഹക സമിതി.
സി.പി.ഐയുടെ ഈ മുഖംതിരിക്കൽ സി.പി.എം നിലപാടിലുള്ള അതൃപ്തിയാലാണെന്നാണ് സൂചന. ഘടക കക്ഷികളോടൊന്നും ആലോചിക്കാതെയാണ് സി.പി.എം ഏക സിവിൽ കോഡ് വിരുദ്ധ സെമിനാർ പ്രഖ്യാപിച്ചത്. മാത്രമല്ല, സെമിനാറിലേക്ക് യു.ഡി.എഫിലെ രണ്ടാംകക്ഷി മുസ്ലിം ലീഗിനെ ക്ഷണിക്കുകയും ചെയ്തു. ലീഗുമായി സൗഹൃദം സ്ഥാപിക്കുന്നതിനെ സംശയത്തോടെയാണ് സി.പി.ഐ കാണുന്നത്. ലീഗിന്റെ എൽ.ഡി.എഫ് പ്രവേശനം മുന്നണിയിലെ രണ്ടാംകക്ഷി പദവി നഷ്ടമാക്കുമെന്ന് ഉറപ്പുള്ള സി.പി.ഐ അത്തരത്തിലൊരു ചർച്ചപോലും ആഗ്രഹിക്കുന്നില്ല. ലീഗുമായി അടുക്കാനുള്ള ഏതുനീക്കത്തെയും മുളയിലേ നുള്ളുകയെന്നതാണ് സി.പി.ഐയുടെ സമീപനം. മുസ്ലിം ലീഗ് സെമിനാർ ക്ഷണം മുസ്ലിം ലീഗ് തള്ളിയതിൽ സി.പി.ഐ സ്വാഭാവികമായും സന്തോഷിക്കുന്നുണ്ട്.
തിരുവനന്തപുരം: ഏക സിവിൽ കോഡ് ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം ജൂലൈ 22ന് ചേരും. മുന്നണിയുടെ പ്രചാരണ പരിപാടികൾക്ക് യോഗം രൂപം നൽകും. മുസ്ലിം സംഘടനകളെ മുന്നിൽനിർത്തി സെമിനാർ പ്രഖ്യാപിച്ച സി.പി.എം നീക്കം ഏക സിവിൽ കോഡ് പ്രശ്നം കേവലം മുസ്ലിം പ്രശ്നമായി ചുരുക്കിയെന്ന വിലയിലുത്തലാണ് പൊതുവിലുള്ളത്. അത് മറികടക്കാൻ എൽ.ഡി.എഫിന്റെ ബാനറിൽ ഏക സിവിൽ കോഡിനൊപ്പം മണിപ്പൂരും ചേർത്തുള്ള പ്രതിഷേധ പരിപാടികൾ ഇടതു മുന്നണി യോഗം തീരുമാനിക്കുമെന്ന് വിവരം. യു.ഡി.എഫ് നേതൃയോഗം കഴിഞ്ഞ ദിവസം ചേർന്ന് ഏക സിവിൽ കോഡ്, മണിപ്പൂർ വിഷയങ്ങൾ ഒന്നായി കണ്ട് പ്രതിഷേധ, പ്രചാരണ പരിപാടികൾക്ക് രൂപം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.