ഏക സിവിൽകോഡിനെതിരെ കോഴിക്കോട് നടന്ന സിപിഎം സെമിനാറിൽ സംബന്ധിക്കാത്തത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത്. എല്ലാ പ്രചാരണവും സെമിനാർ കളങ്കപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ദിവസങ്ങൾക്ക് മുൻപ് പരിപാടിയുടെ അജണ്ട സി.പി.എം പ്രഖ്യാപിച്ചിരുന്നു. താൻ അതിൽ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ എന്ന് ജയരാജൻ ചോദിച്ചു.
``ഒരുമാസം മുൻപ് തിരുവനന്തപുരം മംഗലപുരത്ത് ഡി.വൈ.എഫ്.ഐ നിർമിച്ച വീടുകളുടെ താക്കോൽദാന പരിപാടി ഏറ്റിരുന്നു. അതിനാലാണ് അതിൽ പങ്കെടുത്തത്. ഇന്നലെവരെ ആയുർവേദ ചികിത്സയിലായിരുന്നു. ഞാൻ സെമിനാറിൽ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്? കോഴിക്കോട്ടെ സെമിനാർ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തെ ബാധിക്കുന്ന വിഷയമാണ്. വർഗീയ വികാരം ഇളക്കിവിടാനാണ് ഏക സിവിൽ കോഡ് നടപ്പിലാക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞത്'' ജയരാജൻ പറഞ്ഞു.
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്ന രാജ്യം കൂടിയാണ്. എല്ലാവർക്കും ഒരു നിയമം എന്നത് ഈ രാജ്യത്ത് സാധ്യമല്ല. രാജ്യത്തിനകത്ത് പ്രശ്നമുണ്ടാക്കാനാണ് ഏകസിവിൽ കോഡ് പ്രഖ്യാപിച്ചത്. ഒരു വേഷം, ഒരു ഭാഷ , ഇപ്പോൾ എല്ലാവർക്കും ഒരേ നിയമം. വർഗീയ ധ്രുവീകരണം മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.