ഏക സിവിൽ കോഡ് ജനാധിപത്യ വിരുദ്ധം , അപ്രായോഗികം: വെൽഫെയർ പാർട്ടി നിയമ കമീഷന് കത്തയച്ചു

കോഴിക്കോട്:  ഏക സിവിൽ കോഡ് ജനാധിപത്യ വിരുദ്ധവും അപ്രായോഗികവുമാണെന്ന് വെൽഫെയർ പാർട്ടി .  ഏക സിവിൽ കോഡ്  സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ച് കൊണ്ടുള്ള 22ാം നിയമ കമ്മിഷൻ നടപടിയിൽ പ്രതികരിച്ച് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അയച്ച കത്തിൽ ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത മതവീക്ഷണങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം   ഭരണഘടന  പൗരന്മാർക്ക്  ഉറപ്പു നൽകുന്നുണ്ട്. മത വിഭാഗങ്ങളുടെയും ഗോത്ര സമൂഹങ്ങളുടെയും അസ്തിത്വത്തെ ഇല്ലാതാക്കുക എന്ന ഉദ്ദേശമാണ് ഏകീകൃത സിവിൽ കോഡ് വാദത്തിന് പിന്നിൽ.

ഇരുപത്തിയൊന്നാം നിയമ കമ്മിഷൻ 2018 ൽ ഏക സിവിൽ കോഡ്  ആവശ്യമില്ലെന്നും രാജ്യത്തിന് അത് അഭികാമ്യമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു . ഇത്തരം ഒരു ശിപാർശ ഉണ്ടായിരിക്കെ ഇരുപത്തി രണ്ടാം നിയമ കമ്മീഷൻ വീണ്ടും അക്കാര്യം പരിഗണനക്കെടുക്കാൻ പാടില്ലായിരുന്നു .  കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമായേ ഇതിനെ കാണാനാകൂ.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് ബി ജെ പി സർക്കാർ ശ്രമിക്കുന്നത്. ക്രിമിനൽ നിയമങ്ങൾക്ക് പോലും ഏകീകൃത രൂപമില്ലാതിരിക്കെ ഇത്രയും വൈവിധ്യ സമ്പന്നമായ രാജ്യത്തെ സിവിൽ നിയമങ്ങളുടെ ഏകീകരണം ഒരു അനിവാര്യമായ കാര്യമേ അല്ലാ എന്ന്  മനസിലാക്കാനാകും.  വ്യത്യസ്ത സിവിൽ നിയമങ്ങളോടെ 75 വർഷം പൂർത്തിയാക്കിയ രാജ്യത്തിന്റെ ചരിത്രത്തെ  റദ്ദ് ചെയ്യുന്ന നടപടിയാണ് ഏക സിവിൽ കോഡ് നീക്കമെന്നും പൗരന്മാരുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങൾ നിഷേധിക്കുന്ന ഏക സിവിൽ കോഡ് ഒരു കാരണവശാലും നടപ്പാക്കരുതെന്നും  കത്തിൽ വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

Tags:    
News Summary - Uniform Civil Code undemocratic, unworkable: Welfare Party writes to Law Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.