ഡി.വൈ.എഫ്.ഐ സെമിനാറിന് വരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് യൂനിഫോം, പങ്കെടുത്തില്ലെങ്കിൽ പിഴ; പുലിവാല് പിടിച്ച് സി.ഡി.എസ് ചെയർപേഴ്സൻ

വടശ്ശേരിക്കര (പത്തനംതിട്ട): ഡി.വൈ.എഫ്.ഐ സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ യൂനിഫോം ധരിച്ച്​ എത്തണം, പങ്കെടുക്കാത്തവർക്ക് പിഴയുണ്ടാകും എന്നിവ കാണിച്ചുള്ള സ​ന്ദേശം വിവാദമായി. പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ചിറ്റാറിൽ നടക്കുന്ന സെമിനാറിന് കുടുംബശ്രീ അംഗങ്ങൾ സെറ്റ് സാരിയും മെറൂൺ ബ്ലൗസും അണിഞ്ഞെത്തണമെന്നും പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ പിഴയീടാക്കുമെന്നുമുള്ള സി.ഡി.എസ് ചെയർപേഴ്സന്‍റെ വാട്സ്ആപ്പിലെ ശബ്ദസന്ദേശമാണ് വിവാദമായത്.

പിഴയീടാക്കുമെന്നത്​ ഉൾപ്പെടെയുള്ള ഭീഷണിയിൽ പ്രതിഷേധിച്ച്​ ശബ്ദസന്ദേശം കുടുംബശ്രീയിലെ ചിലർ പുറത്തുവിട്ടതോടെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ മുതിർന്ന വനിത നേതാവ് പങ്കെടുക്കുന്ന പരിപാടിയുടെ മുഖം രക്ഷിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് രംഗത്തിറങ്ങി.

ഇതോടെ പുലിവാലുപിടിച്ച ചെയർപേഴ്സൻ സെമിനാർ പാർട്ടി പരിപാടിയായിരുന്നെന്ന് അറിയില്ലെന്നും താൽപര്യമുള്ളവർ മാത്രം പോയാൽ മതിയെന്നും ഖേദപ്രകടനം നടത്തിക്കൊണ്ട് വാട്സ്​ആപ്പിൽ മറ്റൊരു ശബ്ദസന്ദേശം പോസ്റ്റ് ചെയ്തു.

'ലിംഗപദവിയും ആധുനിക സമൂഹവും' വിഷയത്തിൽ വ്യാഴാഴ്ച ചിറ്റാറിൽ നടന്ന സെമിനാറിന് മുന്നോടിയായാണ് കുടുംബശ്രീ പ്രവർത്തകരെ നിർബന്ധിച്ച്​ പ​ങ്കെടുപ്പിക്കാൻ ശ്രമം നടന്നത്​. കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാൻ ഇത്തരത്തിലുള്ള നടപടികളും നിർദേശങ്ങളും ജില്ലയിലുടനീളം വ്യാപകമാണെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു.

Tags:    
News Summary - Uniforms for Kudumbasree members attending DYFI seminar and fine for non-attendance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.