കോഴിക്കോട്: വൈവിധ്യങ്ങൾ നിറഞ്ഞ നാടിനെ ഭിന്നിപ്പിക്കാൻ മാത്രമേ ഏക സിവിൽ കോഡ് ഉപകരിക്കൂ എന്നും നിയമങ്ങൾ ഏകീകരിക്കുന്നതിനു പകരം ജനങ്ങളെ ഒന്നിപ്പിക്കുകയാണ് വേണ്ടതെന്നും തമിഴ്നാട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയും ഡി.എം.കെ നേതാവുമായ അഡ്വ. മാ സുബ്രഹ്മണ്യൻ. മുസ്‍ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ ‘ഏക സിവിൽ കോഡ്: ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ’ ബഹുജന സെമിനാർ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കണ്ടംകുളം ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനാ ജാതി, മത വിഭാഗങ്ങളും അവയുടെ വ്യത്യസ്തമായ ആചാരങ്ങളും സംസ്കാരങ്ങളുമുള്ള നാടാണ് ഇന്ത്യ. ഇവിടെ ഒരു നാട്, ഒരു ഭാഷ, ഒരു നിയമം എന്നതരത്തിലുള്ള ഏകീകരണങ്ങൾ കൊണ്ടുവരുന്നത് അതിന്റെ വൈവിധ്യങ്ങളെയും പൈതൃകത്തെയും തകർക്കും. ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒന്നിച്ച് അണിനിരക്കണം. ഏക സിവിൽ കോഡിനെതിരെയുള്ള എല്ലാ സമരങ്ങൾക്കും ഡി.എം.കെയുടെയും തമിഴ്നാട് സർക്കാറിന്റെയും പിന്തുണയുണ്ടാവും. സിവിൽ കോഡ് കൊണ്ടുവരരുത് എന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ബഹുസ്വരതയും ദേശീയതയും അപകടത്തിലാക്കുന്നതാണ് ഏക സിവിൽ കോഡെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുസ്‍ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബഹുസ്വരതയാണ് രാജ്യത്തിന്റെ ദേശീയതയെ ശക്തിപ്പെടുത്തുന്നത്. പൂരകങ്ങളായ ഇവയിലൊന്നിനേൽക്കുന്ന പരിക്ക് രണ്ടിനെയും തകർക്കും. ഭരണഘടനയിലെ നിർദേശക തത്ത്വത്തിലാണ് ഏക സിവിൽ കോഡുള്ളത്. അതേസമയം, മൗലികാവകാശങ്ങൾ ഓരോ പൗരനും ഏതു മതത്തിൽ വിശ്വസിക്കാനും അതിന്റെ പ്രചാരകനാകാനും അനുവാദം നൽകുന്നു. മൗലികാവകാശങ്ങളെ മറികടന്ന് മാർഗനിർദേശക തത്ത്വം നടപ്പാക്കാനാണ് ഭരണകൂടമിപ്പോൾ ശ്രമിക്കുന്നത്. ഇത് ഭരണഘടനവിരുദ്ധമാണെന്ന് വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കീഴ്വഴക്കങ്ങൾ മറന്ന് അടിച്ചേൽപിക്കൽ സ്വരമാണ് ഭരണകൂടം സ്വീകരിക്കുന്നത് എന്നതിനാൽ അതിനെ പ്രതിരോധിക്കേണ്ടത് ജനകീയ ആവശ്യമാണ്. ഏക സിവിൽ കോഡ് കൊണ്ടുവരുന്നവർ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിച്ചതെങ്കിലും സത്യത്തിലിത് ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. ജനങ്ങൾ ഒറ്റക്കെട്ടായാണ് സിവിൽ കോഡിനെ എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാർ മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മുസ്‍ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ, സി.പി.ഐ ജില്ല അസി. സെക്രട്ടറി അഡ്വ. പി. ഗവാസ്, സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്‍രി മുത്തുക്കോയ തങ്ങൾ, പ്രഫ. എ.കെ. അബ്ദുൽ ഹമീദ് (കേരള മുസ്‍ലിം ജമാഅത്ത്), ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്‌മാൻ, കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, കെ.എൻ.എം മർകസുദ്ദഅ്‌വ ജന. സെക്രട്ടറി സി.പി. ഉമർ സുല്ലമി, വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ ചെയർമാൻ പി.എൻ. അബ്ദുല്ലത്തീഫ് മൗലവി, ഇ.പി. അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുൽ ഉലമ), എ.എം.എം. ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ് പ്രസിഡന്റ്), ഡോ. പി. ഉണ്ണീൻ (പ്രസിഡന്റ്, എം.എസ്.എസ്), അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസിമി (മെംബർ, മുസ്‍ലിം പേഴ്‌സനൽ ലോ ബോർഡ്), എച്ച്.ജി. ഐറേനിയോസ് പൗലോസ് (ബിഷപ്, യാക്കോബായ വിഭാഗം, കോഴിക്കോട്), ഫാ. സുനിൽ ജോയ് (വികാരി ജനറൽ, എസ്.ടി പോൾ മാർത്തോമ ചർച്ച്), ഡോ. കെ.എസ്. മാധവൻ എന്നിവർ സംസാരിച്ചു. കോഓഡിനേഷൻ കമ്മിറ്റി കൺവീനർ അഡ്വ. പി.എം.എ. സലാം സ്വാഗതവും ടി.കെ. അഷ്റഫ് നന്ദിയും പറഞ്ഞു. ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‍വി, നാസർ ഫൈസി കൂടത്തായി, ഡോ. ഹുസൈൻ മടവൂർ, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, ശിഹാബ് പൂക്കോട്ടൂർ, എൻജിനീയർ മുഹമ്മദ് കോയ, പാലക്കണ്ടി അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.