ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സി.ബി.െഎ ഏറ്റെടുക്കുന്ന കാര്യത്തിൽ പുനരാലോചനക്ക് തയാറാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സി.ബി.െഎയുെട ഭാഗത്തുനിന്ന് നടപടിക്രമങ്ങളുടെ കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ സമ്മതിക്കുകയും ചെയ്തു. കേസ് ഏറ്റെടുക്കാനാവിെല്ലന്ന് സി.ബി.െഎ അല്ല സർക്കാറാണ് പറയേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിെൻറ പിറ്റേന്നാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്. ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന തീരുമാനം സി.ബി.െഎ സ്വന്തം നിലക്കല്ല എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാർ ആണെന്നും ആ തരത്തിൽ നടപടിക്രമത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും കേരള സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരേൻ പി. റാവൽ ചൊവ്വാഴ്ച വാദിച്ചിരുന്നു.
ഇൗ വാദം അംഗീകരിച്ച ജസ്റ്റിസ് രമണ സി.ബി.െഎ തീരുമാനം എടുത്ത രീതി ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുകയും കേന്ദ്ര സർക്കാറിനോട് ഇൗ വിഷയത്തിൽ തീരുമാനം അറിയിക്കാൻ നിർദേശിക്കുകയും ചെയ്തു.
കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് സി.ബി.െഎ സ്വന്തം നിലക്ക് തീരുമാനമെടുത്തത് ശരിയല്ലെന്ന് പറഞ്ഞു. കേന്ദ്ര സർക്കാർ സി.ബി.െഎ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കുമെന്നും അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം എടുക്കുമെന്നും പിങ്കി ആനന്ദ് കോടതിയെ അറിയിച്ചു. തുടർന്ന് കേസ് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. ജിഷ്ണുവിെൻറ അമ്മ മഹിജക്ക് വേണ്ടി അഡ്വ. ജയ്മോൻ ആൻഡ്രൂസും കേരളത്തിെൻറ സ്റ്റാൻഡിങ് കോൺസൽ അഡ്വ. സി.കെ. ശശിയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.