കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിയിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടർ അഖില എസ്.നായർക്ക് പിന്തുണറിയിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പിണറായി ഭരണത്തിൽ ''എല്ലാം ശരിയായി '' എന്ന് മനസിലാക്കാൻ ഈ ഒരൊറ്റ വാർത്തമതിയെന്നും ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്മ്യൂണിസമെന്നും മുരളീധരൻ ഫേസ് ബുക്ക് കുറിപ്പിൽ എഴുതി.
കുറിപ്പ് പൂർണരൂപത്തിൽ:
പിണറായി ഭരണത്തിൽ ''എല്ലാം ശരിയായി '' എന്ന് മനസിലാക്കാൻ ഈ ഒരൊറ്റ വാർത്തമതി...! ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്മ്യൂണിസം. പാർട്ടി സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ തൊഴിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതേ സിപിഎം തന്നെ.
'തൊഴിലാളി വർഗ പാർട്ടിയെന്നതിനെക്കാൾ തൊഴിലാളി വിരുദ്ധ പാർട്ടി'യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകം. സമരങ്ങളുടെ പേരിൽ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച ചരിത്രമുള്ള പാർട്ടി നയിക്കുന്ന സർക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത് !
പണിമുടക്കിയല്ല, പണിയെടുത്തു കൊണ്ടാണ് അഖില എസ്.നായർ പ്രതിഷേധിച്ചത്. തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതി. മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും വിദേശയാത്രയ്ക്കും ആഡംബര വാഹനങ്ങൾക്കും യുവജന കമ്മിഷൻ അധ്യക്ഷയുടെ ശമ്പളത്തിനും മന്ത്രിമാരുടെ സ്റ്റാഫിെൻറ പെൻഷനും മറ്റുമായി കോടികൾ ധൂർത്തടിയ്ക്കുന്ന നാട്ടിലാണ് ജീവിത പ്രാരാബ്ധങ്ങൾ ചൂണ്ടിക്കാട്ടി അഖില പ്രതിഷേധിക്കുന്നതെന്നുമോർക്കണം. പ്രിയ സഹോദരിയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.