കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ സർവിസുകളിലും സിംഗിൾ ഡ്യൂട്ടി സമ്പ്രദായം അടിയന്തരമായി നടപ്പാക്കണമെന്ന മാനേജ്മെൻറ് നിർദേശം യൂനിറ്റ് ഒാഫിസർമാർ തള്ളി. ഇതേതുടർന്ന് തിങ്കളാഴ്ചക്കകം പുതിയ പരിഷ്കാരം നടപ്പാക്കണമെന്ന മുന്നറിയിപ്പുമായി മാനേജ്മെൻറ് വീണ്ടും രംഗത്തെത്തി. എന്നാൽ, മുഴുവൻ സർവിസുകളിലും സിംഗിൾ ഡ്യൂട്ടി നടപ്പാക്കുകയെന്നത് അപ്രായോഗികമാണെന്നും സമയമെടുത്ത് ചെയ്യേണ്ട ഇത്തരം പരിഷ്കാരം തിരക്കിട്ട് നടപ്പാക്കാൻ ഉത്തരവിടുന്നത് അശാസ്ത്രീയമാണെന്നും യൂനിറ്റ് ഒാഫിസർമാർ മാേനജ്മെൻറിനെ അറിയിച്ചു.
നിലവിലെ ദീർഘദൂര സർവിസുകളിലും രണ്ടും അതിലധികവും ഡ്യൂട്ടിയിൽ ഒാടുന്ന സർവിസുകളിലും പുതിയ നിർദേശം ഒരുകാരണവശാലും നടപ്പാക്കാൻ കഴിയില്ല. തിരക്കിട്ട് പുതിയ ഉത്തരവ് നടപ്പാക്കിയാൽ കെ.എസ്.ആർ.ടി.സിയുടെ ബഹുഭൂരിപക്ഷം സർവിസുകളും അവതാളത്തിലാകും. വിവിധ ഡിപ്പോകളിലായി 80ശതമാനം സർവിസുകളും നിലക്കുമെന്ന മുന്നറിയിപ്പും ഡി.ടി.ഒ-എ.ടി.ഒമാർ മാനേജ്മെൻറിനെ രേഖാമൂലം അറിയിച്ചു. സിംഗിൾ ഡ്യൂട്ടിക്ക് ആറര മണിക്കൂറാണ് ജോലി.
സിംഗിൾ ഡ്യൂട്ടി ഇങ്ങനെ...
സിംഗിൾ ഡ്യൂട്ടിക്ക് ആറരമണിക്കൂറാണ് ജോലി. ബസ് എടുക്കുന്നതിനുമുമ്പും ശേഷവുമുള്ള നടപടിക്കായി അരമണിക്കൂർ വീതവും വിശ്രമത്തിന് അരമണിക്കൂറും ഉൾെപ്പടെ എട്ടുമണിക്കൂർ. ഇതുകഴിഞ്ഞാൽ അടുത്ത സർവിസ് തുടരാൻ പുതിയ ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിക്കണം.
നിലവിൽ സിംഗിൾ ഡ്യൂട്ടി ചില ഒാർഡിനറി സർവിസുകളിൽ മാത്രമാണ്. അതായത് 1000-1200 ബസുകൾ മാത്രം. സിംഗിൾ ഡ്യൂട്ടിയാണെങ്കിലും ചില ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ വരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഒന്നര-രണ്ട് ഡ്യൂട്ടിവരെ നൽകാറുണ്ട്. സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ് അടക്കം മുഴുവൻ സർവിസുകളിലും സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതോടെ നിലവിലെ ജീവനക്കാർ തികയാതെ വരും. 70 ശതമാനം സർവിസുകളും മുടങ്ങും. ഇപ്പോഴത്തെ സാഹചര്യത്തിൽ ദീർഘദൂര ബസുകളിൽ ഇൗപരിഷ്കാരം പ്രായോഗികമല്ല. ഉദാഹരണത്തിന് കോട്ടയത്തുനിന്നുള്ള കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ സർവിസ് പോയി വരുേമ്പാൾ മൂന്ന് ഡ്യൂട്ടിയാണ് നൽകുന്നത്. മൂന്ന് ഡ്യൂട്ടി തികയില്ലെങ്കിലും മികച്ച വരുമാനം കണക്കിലെടുത്താണിങ്ങനെ നൽകുന്നത്. ഇത് സിംഗിൾ ഡ്യൂട്ടിയാക്കിയാൽ ബസ് തൃശൂരിൽ എത്തുേമ്പാൾ ജീവനക്കാരുടെ ഡ്യൂട്ടി കഴിയും. തുടർ സർവിസിനായി തൃശൂരിൽ പുതിയ ജീവനക്കാരെ തയാറാക്കണം. തൃശൂരിൽ ഇറങ്ങിയ ജീവനക്കാർക്ക് കോട്ടയത്തേക്ക് പുതിയ ഡ്യൂട്ടി നൽകുകയും വേണം.
നാലും അഞ്ചും ഡ്യൂട്ടിയുള്ള മൈസൂരു-ബംഗളൂരു-മണിപ്പാൽ സർവിസുകളും അന്തർസംസ്ഥാന സർവിസുകളും പുതിയ പരിഷ്കാരത്തിലൂടെ അവതാളത്തിലാകും.
ഇതനുസരിച്ച് എങ്ങനെ സർവിസുകൾ ഒാപറേറ്റ് ചെയ്യാനാകുമെന്ന് ജീവനക്കാരും ചോദിക്കുന്നു. യൂനിറ്റ് ഒാഫിസർമാരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഉത്തരവിറക്കിയ എക്സിക്യൂട്ടിവ് ഡയറക്ടർ-ഒപറേഷനും കഴിയുന്നില്ല. ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് മാത്രമാണ് നിർദേശം.സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സുരക്ഷിതയാത്രക്ക് വഴിയൊരുക്കുമെന്ന് കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. ഹേമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ക്രൂ ചേഞ്ച് നടപ്പാക്കുന്നതോടെ ജീവനക്കാർക്ക് വിശ്രമിക്കാൻ സമയം ലഭിക്കും. മുമ്പ് ഇൗ സംവിധാനം നിലനിന്നിരുന്നു. ഇത് പൂർണമായും പുനഃസ്ഥാപിക്കാനാണ് ആലോചന -സി.എം.ഡി അറിയിച്ചു.
അതിനിടെ, ഇൗ സംവിധാനത്തിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തിരക്കിട്ട് മേനജ്മെൻറ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് യൂനിയനുകളും യൂനിറ്റുതല ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.സിംഗിൾ ഡ്യൂട്ടി സംബന്ധിച്ച് കോടതി കോർപറേഷന് നൽകിയ മുന്നറിയിപ്പ് നടപ്പാക്കാത്ത സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികളിൽനിന്ന് തലയൂരാനുള്ള തന്ത്രമാണെന്നും ജീവനക്കാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.