ഡോ. കെ.കെ.എൻ. കുറുപ്പ് വി.സിയായിരുന്ന കാലം. സി.പി.എമ്മിൽ കാലിക്കറ്റ് സർവകലാശാലയുടെ ചുമതല വഹിക്കുന്ന കോടിയേരി ബാലകൃഷ്ണന് ഫാക്സ് സന്ദേശം പോയി. ഫാക്സ് അയച്ചത് രജിസ്ട്രാറുടെ ഒാഫിസിൽനിന്നും. എന്താണ് സന്ദേശമെന്നറിയുന്നതാണ് കൗതുകകരം. പാർട്ടി നിർദേശം വി.സി അനുസരിക്കുന്നില്ലെന്നാണ് സന്ദേശത്തിെൻറ ചുരുക്കം. സന്ദേശമയച്ചത് ഇടതു യൂനിയെൻറ സജീവ അംഗവും. രാഷ്ട്രീയ നിയമനമാണ് വി.സിയെങ്കിലും പരസ്യമായി ഇത്തരമൊരു സന്ദേശമയച്ചത് പാർട്ടിയെ വെട്ടിലാക്കി. ഒരു അക്കാദമിക് സ്ഥാപനം പൂർണമായും രാഷ്ട്രീയവത്കരിച്ചതിെൻറ ഉത്തമ ഉദാഹരണമായി ഇത്. വിവാദ കോലാഹലങ്ങൾക്കൊടുവിൽ അയച്ചയാളെ പിടികിട്ടി. വി.സിയുടെ പേഴ്സനൽ സ്റ്റാഫിൽപെട്ട യൂനിയൻ അംഗം. ചില്ലറക്കാരല്ല യൂനിയനെന്ന് അർഥം.
ജീവനക്കാർക്ക് സംഘടനയെന്നത് പുതുമയുള്ള കാര്യമല്ല. എല്ലായിടത്തും അതുണ്ട്. എന്നാൽ, എല്ലാ കാര്യവും യൂനിയനുകൾതന്നെ നിശ്ചയിച്ചാലോ. ഇതാണ് കാലിക്കറ്റ് സർവകലാശാലക്ക് പേരുദോഷം വരുത്തിവെച്ച പ്രധാന കാര്യം. വിദ്യാർഥിക്കും അധ്യാപകനുമൊന്നും ഇവിടെ സ്ഥാനമില്ലെന്ന് ഒരിക്കലെങ്കിലും സർവകലാശാലയിൽ വന്നവന് മനസ്സിലാവും. ഒന്നുകിൽ ജീവനക്കാർ സമരത്തിൽ. അല്ലെങ്കിൽ തൊട്ടടുത്തുള്ള സ്വന്തം ചായക്കടയിൽ. അതുമല്ലെങ്കിൽ നേരത്തേ ഇറങ്ങുകയോ ലീവിലോ ആയിരിക്കും. പഞ്ചിങ് വന്നശേഷം ചെറിയ മാറ്റമൊക്കെ ഉണ്ടായതൊഴിച്ചാൽ കാര്യങ്ങൾ ഇങ്ങനെതന്നെ. എന്തെങ്കിലും നടപടി വന്നാൽ യൂനിയൻ ഇടപെടും. വി.സിയും സിൻഡിക്കേറ്റ് അംഗങ്ങളുമെല്ലാം ഇവർക്കു മുന്നിൽ പത്തിമടക്കും.
സർവകലാശാലയിലുണ്ടായ നിരവധി മാർക്കു ദാനത്തട്ടിപ്പുകളിൽ ഒരു ജീവനക്കാരനും ശിക്ഷിക്കപ്പെട്ടില്ല. ഉയർന്ന ഉദ്യോഗസ്ഥെൻറ വ്യാജ ശമ്പള ബിൽ ഉണ്ടാക്കി ബാങ്കിൽനിന്ന് ലോൺ തരപ്പെടുത്തിയ ഉദ്യോഗസ്ഥ കുറ്റക്കാരിയെന്ന് കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. അവരും സജീവ യൂനിയൻ അംഗം. അതിനാൽതന്നെ ഒന്നും സംഭവിക്കില്ല. സർവകലാശാലയിലെ നിയമനങ്ങളിലും ഇവർക്ക് പങ്കുണ്ട്. കെ.കെ.എൻ. കുറുപ്പിെൻറ കാലത്തെ അസിസ്റ്റൻറ് നിയമന ക്രമക്കേടിൽ യൂനിയൻ നേതാക്കളുടെ പങ്ക് തെളിഞ്ഞതാണ്. റദ്ദാക്കിയ റാങ്ക്പട്ടിക തയാറാക്കിയത് യൂനിയൻ നേതാക്കൾ. അടുത്തിടെ നടന്ന നിയമനങ്ങളിൽ ദല്ലാൾപണിയെടുത്തതും യൂനിയൻ ഭാരവാഹികൾ.
യൂനിയനെ അങ്ങ് തകർത്തുകളയാമെന്നു വെച്ചാലോ. മുൻ വി.സി ഡോ. എം. അബ്ദുസ്സലാമിെൻറ ഗതി വരും. ഇദ്ദേഹത്തിെൻറ കുട്ടിക്കാലം തൊട്ടുള്ള കാര്യങ്ങൾ വിവരാവകാശം വഴി യൂനിയൻ നേതാക്കൾ തേടി. വി.സി ഇരട്ടവേതനം വാങ്ങുന്നുവെന്ന് കണ്ടെത്തിയത് അങ്ങനെയാണ്. അന്ന് സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചതിൽ യൂനിയെൻറ പങ്ക് ചെറുതല്ല. വി.സി പോലും യൂനിയനുകൾക്കു മുന്നിൽ അടങ്ങിയൊതുങ്ങി ജീവിക്കണം. സർവകലാശാലയിൽ ആരു വരണം, പോകണം തുടങ്ങി എല്ലാ കാര്യവും ഇവർ തീരുമാനിക്കും. ഒരു അക്കാദമിക് സ്ഥാപനത്തെ ഇത്രയും വഷളാക്കിയതിൽ ഇടതു യൂനിയനുള്ള പങ്ക് ചെറുതൊന്നുമല്ല. ഇവരെ കണ്ടുപഠിക്കാനാണ് വലതു യൂനിയനുകൾക്കും താൽപര്യം.
എന്നും ഇടത്തോട്ട്
സർവകലാശാല ഭരണസമിതികളിൽ കൂടുതലും ഇടതുപക്ഷമാണ്. ജീവനക്കാരുടെ ആദ്യ സംഘടന എംപ്ലോയീസ് യൂനിയൻ. ഇടതുപക്ഷ യൂനിയനിൽനിന്ന് തെറ്റിപ്പിരിഞ്ഞ് കോൺഗ്രസ് അനുകൂല സ്റ്റാഫ് ഒാർഗൈനസേഷൻ പിന്നീടുണ്ടായി. മുസ്ലിം ലീഗ് അനുകൂല സോളിഡാരിറ്റി യൂനിയൻ, സ്വതന്ത്ര സംഘടന എംപ്ലോയീസ് േഫാറം, ബി.ജെ.പി അനുകൂല എംപ്ലോയീസ് സെൻറർ എന്നിവയാണ് മറ്റ് സംഘടനകൾ. കോൺഗ്രസ് അനുകൂല കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനാണ് ആദ്യ അധ്യാപക സംഘടന. പിന്നീട് ഇടതു അനുകൂല ആക്ട് നിലവിൽവന്നു. യൂനിയൻ ഏറ്റവും ശക്തമായി നിലനിൽക്കുന്ന സർവകലാശാല കാലിക്കറ്റ് തന്നെ.
യൂനിയൻ പ്രവർത്തനം വാഴ്സിറ്റി വക
എല്ലാ യൂനിയനുകളും പ്രവർത്തിക്കുന്നത് സർവകലാശാലയുടെ ചെലവിലാണ്. ഇവർക്കെല്ലാം ഒാഫിസ് വാടകക്ക് നൽകിയിട്ടുണ്ട്. യൂനിയനുകളുടെ പേരിലുള്ള സൊൈസറ്റികൾക്കെല്ലാം വെവ്വേറെ കൂൾബാറുകൾ, ഹോട്ടലുകൾ തുടങ്ങിയവ ഉണ്ട്. സർവകലാശാല തുച്ഛമായ വാടകക്ക് നൽകിയ സ്ഥാപനം മേൽവാടകക്ക് നൽകി പണം സമ്പാദിക്കുന്ന യൂനിയനുകളുമുണ്ട്.
സൊസൈറ്റികൾ നടത്തിയിരുന്ന സഹകരണ സ്റ്റോറുകൾ പുറമെയുള്ള ഏജൻസികൾക്ക് വാടകക്ക് നൽകുന്നു. ഇതിലൂടെ യൂനിയനുകൾ പണവും സമ്പാദിക്കുന്നു. സർവകലാശാല ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുന്നു. സൊസൈറ്റികൾ അനധികൃതമായി കൈവശം വെക്കുന്ന ഭൂമിപോലും തിരിച്ചുപിടിക്കാൻ സാധിക്കുന്നില്ല. എം. അബ്ദുസ്സലാമിെൻറ കാലത്തെ സിൻഡിക്കേറ്റ് സമിതിയുടെ റിപ്പോർട്ട് കൈയേറ്റം സ്ഥിരീകരിക്കുന്നു. ഇൗ റിപ്പോർട്ടിൽ നടപടിയെടുക്കാൻ വി.സിയല്ല ചാൻസലർ വിചാരിച്ചാലും നടക്കില്ലെന്നാണ് അനുഭവം. കോളജ് അധ്യാപകൻപോലുമല്ലാത്തയാളെ വി.സി സ്ഥാനത്തേക്ക് അവരോധിച്ച് ലീഗ് നേതൃത്വത്തെ പൊട്ടക്കിണറ്റിൽ ചാടിച്ചതും യൂനിയനുകൾതന്നെ.
ചട്ടപ്പടി സമരം, മെല്ലെപ്പോക്ക്
പരീക്ഷജോലി ഉൾെപ്പടെയുള്ള ജോലികൾ മെല്ലെപ്പോക്ക് നയം സ്വീകരിച്ചാണ് യൂനിയൻ നേരിടുന്നത്. സിൻഡിക്കേറ്റ് ഭരിക്കുന്നത് യു.ഡി.എഫ് ആണെങ്കിൽ ഇടതു യൂനിയൻ ഇത്തരം രീതികൾ സ്വീകരിക്കും. ജീവനക്കാരിൽ ബഹുഭൂരിപക്ഷവും ഇടതായതിനാൽ യു.ഡി.എഫ് ഭരണം മുകൾത്തട്ടിൽ ഒതുങ്ങും.
കുറഞ്ഞ യോഗ്യതയുമായി പാർട്ട്ടൈം ജോലിക്ക് എത്തുന്ന ജീവനക്കാർ പയറ്റുന്ന മെറ്റാരു പതിവാണ് ഏറെ അതിശയകരം. സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് ഇവർ ഡിഗ്രിക്ക് രജിസ്റ്റർ ചെയ്യും. മാർക്ക്ലിസ്റ്റ് കൈകാര്യം ചെയ്യുന്നതും ഇവർ. സംഗതി കുശാൽ. അപൂർവം ചിലത് പിടിക്കപ്പെട്ടുവെന്നേയുള്ളൂ.
ഉത്തരക്കടലാസ് മുക്കുന്നതും സി.െഎ.എയോ മൊസാദോ ഒന്നുമല്ല. തോറ്റവർ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കും. മാർക്ക് വാരിക്കോരി കൊടുത്താൽ ഉത്തരക്കടലാസ് പിന്നെ കാണാതാവും.
ഡിജിറ്റൽ വിഭാഗത്തിലെ കമ്പ്യൂട്ടറുകളുടെ പാസ്വേഡ് ഉപയോഗിച്ച് ബി.ടെക് വിദ്യാർഥികൾ മാർക്ക്ലിസ്റ്റ് തിരുത്തിയത് ആരുമറിയാതെ ഒതുക്കിത്തീർത്തത് അടുത്തിടെ. ജീവനക്കാരെ നിയമിക്കുന്നതിലാണ് സിൻഡിക്കേറ്റിനും താൽപര്യം. അധ്യാപക നിയമനം നീളുകയേ ഉള്ളൂ.
(അക്കാര്യം നാളെ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.