കണ്ണൂർ സർവകലാശാല പി.ജി കോഴ്സിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ പിന്തുണച്ച് യൂണിയൻ ചെയർമാൻ. എല്ലാവരെയും പഠിക്കണമെന്നാണ് നിലപാടെന്ന് എസ്.എഫ്.ഐ നേതൃത്വം നൽകുന്ന യൂണിയന്റെ ചെയർമാൻ എം.കെ ഹസൻ പറഞ്ഞു.
ഗോൾവാൾക്കറുടെ 'വീ ഓർ ഔർ നാഷൻഹുഡ് ഡിഫൈൻഡ്', 'ബഞ്ച് ഓഫ് തോട്ട്സ്', സവർക്കറുടെ 'ഹിന്ദുത്വ; ഹൂ ഇസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിെല ചില ഭാഗങ്ങളാണ് കണ്ണൂർ സവർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ വിവിധ വിദ്യാർഥി സംഘടനകൾ പ്രക്ഷോഭരംഗത്താണ്. ഇതിനിടെയിലാണ് സർവകലാശാലയെ പിന്തുണച്ച് യൂണിവേഴ്സിറ്റി യൂണിയൻ രംഗത്തെത്തുന്നത്.
നമ്മൾ എല്ലാത്തിനെ കുറിച്ചും പഠിക്കണമെന്ന് യൂണിയൻ ചെയർമാൻ പറഞ്ഞു. സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സർവകലാശാല യൂണിയൻ തുറന്ന സംവാദത്തിന് തയാറാണ്. ഇതിൽ ആർക്കും പെങ്കടുക്കാം. സമരത്തിന് പിറകിൽ രാഷ്ട്രീയ കാരണങ്ങളുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.
ജെ.എൻ.യുവിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ടല്ലോയെന്ന് അദ്ദേഹം പറഞ്ഞു. സവർക്കറെയും ഗോൾവാക്കറെയും പഠിക്കേണ്ടതുണ്ട്. പഠിച്ചുകൊണ്ട് അവരുടെ ആശയങ്ങൾ നടപ്പാക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉള്ളത്. തീംസ് - ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിലാണ് പുസ്തകങ്ങൾ പാഠഭാഗങ്ങളായുള്ളത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീനദയാൽ ഉപാധ്യായ, ബാൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്.
ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയാറാക്കി എന്നാണ് ആക്ഷേപം. സിലബസ് പാനലിലെ ഒരു വിഭാഗം അധ്യാപകരുടെ താൽപര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദേശിച്ച പേപ്പറുകളെല്ലാം ഒരു വിഭാഗം തള്ളിക്കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യപദ്ധതി തീരുമാനിച്ചത്. എം.എ പൊളിറ്റിക്കൽ സയൻസ് ആയിരുന്ന പി.ജി കോഴ്സ് ഈ വർഷം മുതലാണ് എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ആയത്.
ഇന്ത്യയിൽതന്നെ ഈ കോഴ്സ് കണ്ണൂർ സർവകലാശാലക്കു കീഴിലെ ബ്രണ്ണൻ കോളജിൽ മാത്രമേയുള്ളൂ. 2021 ജനുവരി 15ന് ആരംഭിച്ച കോഴ്സിെൻറ ആദ്യ സെമസ്റ്റർ സിലബസ് പ്രസിദ്ധീകരിച്ചത് ജനുവരി 30നാണ്.
സിലബസിൽ ഉൾപ്പെടുത്തിയ പുതിയ ഭാഗങ്ങൾ നീക്കില്ലെന്നും ഹിന്ദുത്വയുടെ അടിസ്ഥാനമായ പുസ്തകങ്ങൾ വിദ്യാർഥികൾ വായിക്കേണ്ടതുണ്ടെന്നും സർവകലാശാല വൈസ്ചാൻസ്ലർ പ്രതികരിച്ചിരുന്നു. ഇഷ്ടപ്പെടാത്തത് വായിക്കരുതെന്ന് പറയുന്നത് താലിബാനിസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.