അശാസ്ത്രീയ നികുതി പരിഷ്‌കാരം ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചു -മുഖ്യമന്ത്രി

കൊച്ചി: ഭക്ഷണത്തിൽ പുതിയ രീതികൾ കടന്നുവന്നതാണ്​ ചിലയിടങ്ങളിൽ അടുത്തകാലത്ത്​ പ്രശ്നങ്ങൾ ഉയർന്നുവരാൻ കാരണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന്‍റെ സംസ്കാരത്തിന്​ അനുസൃതമായ ഭക്ഷണരീതിയായിരുന്നപ്പോൾ ഇത്തരം പ്രശ്നങ്ങൾ കുറവായിരുന്നു. കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ​എറണാകുളം മറൈൻ​ഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഭക്ഷ്യധാന്യങ്ങൾക്ക്​ ഉൾപ്പെടെ ജി.എസ്.ടി ഏർപ്പെടുത്തിയ അശാസ്ത്രീയ നികുതി പരിഷ്കാരങ്ങൾ രാജ്യത്ത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് സാധാരണക്കാർക്കൊപ്പം ഹോട്ടൽ, റസ്റ്റാറന്റ് മേഖലയെയാണ്​. എന്തിനെല്ലാം നികുതി ചുമത്തണം, എത്ര ചുമത്തണം എന്നിവയിലെല്ലാം വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്. പ്രതിഷേധങ്ങൾ വകവെക്കാതെ ഹോട്ടലുകൾക്ക്​ ഉയർന്ന സ്ലാബിൽ ജി.എസ്.ടി ഏർപ്പെടുത്തി. ഭക്ഷ്യപദാർഥങ്ങളെയും നികുതി പരിധിയിൽ കൊണ്ടുവന്നു. നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പാചകവാതക വിലയും ക്രമാതീതമായി വർധിപ്പിച്ചു. ഇത്തരം നടപടികളിലൂടെ ഹോട്ടലുകളെയും റസ്റ്റാറന്റുകളെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ടൽ മേഖലയിൽ മികവുപുലർത്തിയവരെ മന്ത്രി പി. രാജീവ്​ ആദരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ്​ എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബിസിനസ് മീറ്റ് വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - Unscientific tax reform affected the hotel sector says Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.