ന്യൂഡൽഹി: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാൻ വന്ന വിദ്യാർഥിനികളുടെ അടിവസ്ത്രം ഊരി പരിശോധിച്ചത് സഭാ നടപടികൾ നിർത്തി വെച്ച് അടിയന്തിരമായി ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ. സി.പി.എം എം.പി എ.എം ആരിഫ് ലോക്സഭയിൽ നോട്ടീസ് നൽകി.
പരിശോധന നടത്തിയ നീറ്റ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യവും ആരിഫിന്റെ അടിയന്തര പ്രമേയ നോട്ടീസിലുണ്ട്. നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം ഊരി പരിശോധിച്ച സംഭവവുമായി ബന്ധപ്പെട്ട് ഹൈബി ഈഡൻ എം.പിയും അടിയന്തര പ്രമേയ നോട്ടീസ് നൽകി.
അടിവസ്ത്രം ഊരി പരിശോധിച്ചത് തികച്ചും ദൗർഭാഗ്യകരമാണ്. സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും വിദ്യാർഥികളെ കുറ്റവാളികളെ പോലെ കാണുന്ന രീതി അസ്വീകാര്യമാണെന്നും എം.പി അടിയന്തര പ്രമേയ നോട്ടീസിൽ പറഞ്ഞു. വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് നേരെയുള്ള ഇത്തരം അക്രമണങ്ങളെ ചെറുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനും പരീക്ഷ നടത്തിപ്പ് ഏജൻസിക്കുമുണ്ട്.
വിദ്യാർഥികളുടെ ഭാവി നിർണ്ണയിക്കുന്ന നീറ്റ് പോലെയുള്ള പരീക്ഷ നടത്തിപ്പിന് വേണ്ടത്ര രീതിയിൽ നല്ല പെരുമാറ്റം അധികൃതരിൽ നിന്നും വിദ്യാർഥികൾക്ക് ഉണ്ടാകാൻ അനിവാമായ സെൻസിറ്റൈസേഷൻ നടപടികൾ ആവശ്യമാണ്. പരീക്ഷാ ഗൈഡ്ലൈൻസ് ലംഘിച്ചവർക്ക് നേരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും എം.പി ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
വനിതാ വിദ്യാർഥികളെ ശരീര പരിശോധനക്കിടയിൽ അടിവസ്ത്രം അഴിക്കാൻ നിർബന്ധിച്ച നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ എം. പിയും ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയിൽ ലോഹ കൊളുത്ത് ഉള്ളതിനാൽ അടിവസ്ത്രങ്ങൾ ഊരി മാറ്റിച്ചതിന് ശേഷമാണ് പെൺകുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.