ലൈഫ് പദ്ധതിയടക്കം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ സാവകാശം നൽകി സർക്കാർ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ 14ാം പഞ്ചവത്സര പദ്ധതിയിലെ വാര്‍ഷിക പദ്ധതികള്‍ തയാറാക്കുമ്പോള്‍ ലൈഫ് ഭവന പ്രോജക്ട് അടക്കം അടിയന്തര സ്വഭാവമുള്ളവ പദ്ധതിയുടെ ഭാഗമാക്കാന്‍വേണ്ടി പുതുക്കിയ ഉത്തരവിറക്കി തദ്ദേശ സ്വയംഭരണ വകുപ്പ്. സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കേണ്ട അടിയന്തര പദ്ധതികള്‍ ഒന്നാം ഘട്ടമായി ഏറ്റെടുക്കുന്നതിന് തദ്ദേശ വകുപ്പ് നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാൽ, ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്താനായില്ല. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വകുപ്പ് പുതുക്കിയ ഉത്തരവിറക്കിയത്.

ലൈഫ് ഭവന പ്രോജക്ടുകളെ കൂടാതെ, ഒന്നാം ഘട്ടത്തില്‍ ഏറ്റെടുക്കാന്‍ പറ്റാത്ത അംഗൻവാടി പോഷകാഹാര വിതരണ പദ്ധതികള്‍, പാലിയേറ്റിവ് കെയര്‍ പദ്ധതികള്‍, സ്‌കൂള്‍, അംഗൻവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള പദ്ധതികള്‍ എന്നിവയും അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവിൽ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതികള്‍ തയാറാക്കുന്നതിന് സുലേഖ സോഫ്റ്റ്‌വെയറിലെ അടിയന്തര സ്വഭാവത്തില്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകള്‍ എന്ന സൗകര്യം ഉപയോഗിക്കാവുന്നതാണ്.

ജില്ല ആസൂത്രണ സമിതിയുടെ അനുമതി ഇല്ലാതെതന്നെ വെറ്റിങ് ഓഫിസറുടെ അംഗീകാരത്തോടെ നിര്‍വഹണ നടപടികള്‍ ആരംഭിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇപ്രകാരം ഏറ്റെടുക്കുന്ന പദ്ധതികളെല്ലാം 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കേണ്ടതും ജില്ല ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കേണ്ടതുമാണ്.

Tags:    
News Summary - Urgent project including Life Housing Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.