കൊച്ചി: കേരളത്തിെൻറ മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ ഉയരുന്നത് കനത്ത പ്രതിഷേധം. സംസ്ഥാനത്തെ മത്സ്യമേഖലയുടെ അടിത്തറ തകർക്കുന്നതാണ് ധാരണാപത്രമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നു.
400 ആഴക്കടൽ യാനങ്ങൾ നിർമിക്കാനാണ് കരാർ. ബോട്ടുകളും മദർ വെസ്സലുകളും അടുപ്പിക്കാൻ പുതിയ ഹാർബറുകൾ, പുതിയ സംസ്കരണ ശാലകൾ, 200 ചില്ലറ മത്സ്യ വിപണന കേന്ദ്രങ്ങൾ, മത്സ്യ കയറ്റുമതി സംവിധാനം എന്നിവയും കരാറിൽപ്പെടുന്നു. സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം 20-25 വർഷം വരെ അമേരിക്കൻ കമ്പനിക്കാണ്. പിന്നീട് കേരളത്തിന് കൈമാറുമെന്നാണ് വ്യവസ്ഥ.
ലോകത്തിലെ പ്രധാന മത്സ്യസങ്കേതങ്ങൾ അമിത മത്സ്യബന്ധനം മൂലം തകർച്ചയിലാണ്. അതുകൊണ്ടാണ് ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തെ വൻ കുത്തകകൾ ലക്ഷ്യം വെക്കുന്നത്. ഇന്ത്യൻ കടലുകളിൽ സുസ്ഥിര മത്സ്യബന്ധനത്തിന് 76,967 യാനങ്ങൾ മാത്രം മതിയെന്നിരിക്കെ 2.6 ലക്ഷം യാനങ്ങളാണ് പ്രവർത്തിക്കുന്നത്. കേരളത്തിലും സമാന അവസ്ഥയാണ്.
പുതിയ യാനങ്ങൾക്ക് പത്ത് വർഷത്തേക്ക് അനുമതി നൽകേണ്ടെന്ന് തീരുമാനിച്ച സംസ്ഥാന സർക്കാർ, നാനൂറ് പുതിയ യാനങ്ങൾ ഇറക്കാനെടുത്ത തീരുമാനം മേഖലയുടെ പാരിസ്ഥിതിക സന്തുലനം തകർക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തകർച്ചയിലാണ്. മത്സ്യ ഉൽപാദനം നേർപകുതിയായി. മത്തി പ്രജനനം പത്തിലൊന്നായി. ആഴക്കടലിൽ മത്സ്യം കുറയുകയും ഇന്ധനച്ചെലവ് കുത്തനെ കൂടുകയും ചെയ്യുന്നതോടെ പുതിയ യാനങ്ങൾ മുഴുവൻ ആഴക്കടലിലാകും പ്രവർത്തിക്കുക. ഈ മേഖലയിലെ പരമ്പരാഗത മത്സ്യബന്ധന സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും. അമേരിക്കൻ കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.