കൊല്ലം: അഞ്ചൽ ഏറത്ത് ഉത്രയെ മൂർഖനെകൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ബുധനാഴ്ച വിചാരണം ആരംഭിക്കും. കൊല്ലം ആറാം നമ്പർ അഡീഷനൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഉത്രയുടെ ഭർത്താവ് അടൂർ പറക്കോട് കാരംകോട് ശ്രീസൂര്യയിൽ സൂരജാണ്(27) കേസിലെ ഒന്നാം പ്രതി.
അഞ്ചൽ വെള്ളിശ്ശേരിൽ വിജയസേനൻ-മണിമേഖല ദമ്പതികളുടെ മകളായ ഉത്രയെ കഴിഞ്ഞ മേയ് ഏഴിനാണ് കുടുംബവീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്നാണ് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചത്. മുമ്പ് പാമ്പുകടിയേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലിരിക്കെ വീണ്ടും പാമ്പുകടിയേറ്റത് അസ്വാഭാവികമണെന്ന വീട്ടുകാരുടെ സംശയമാണ് കേസിലെ വഴിത്തിരിവായത്.
റൂറൽ എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും തുടർന്ന് സൂരജിനെ അറസ്്റ്റ് ചെയ്യുകയുമായിരുന്നു. ഡി.വൈ.എസ്.പി അശോകനാണ് കേസ് അന്വേഷിച്ചത്. ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഇതിൽ ഉത്രയുടെ ആന്തരീക പരിശോധന ഫലങ്ങളും, ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുന്നതാണ്. പാമ്പിനെ പോസ്്റ്റ്മോർട്ടം ചെയ്യുന്നതുൾപ്പെടെ അപൂർവ അന്വേഷണ നടപടികൾ ഉണ്ടായ കേസാണിത്. തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താനാണെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതി സൂരജ് ഏറ്റുപറഞ്ഞിരുന്നു.
പാമ്പിനെ കൈമാറിയ പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷ്, സൂരജിെൻറ പിതാവ് സുരേന്ദ്രൻ, മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരും കേസിലെ പ്രതികളാണ്. തെളിവുനശിപ്പിക്കൽ, ഗാർഹിക പീഢനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഹാജരാകാനുള്ള നിർദേശമോ മറ്റ് അറിയിപ്പുകളോ ലഭിച്ചിട്ടില്ലെന്ന് ഉത്രയുടെ അച്ഛൻ രാജസേനൻ പറഞ്ഞു. പ്രതിയുടെ അഭിഭാഷകനോട് കോടതിയിൽ ഹജരാകാൻ നിർദേശിച്ചിട്ടുണ്ട്. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് അന്വേഷണസംഘം കോടതിയോട് അഭ്യർഥിച്ചിരുന്നു. കേസ് ഏറ്റെടുത്ത് 90ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.