തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയെൻറ വിയോഗത്തിൽ അനുശോചന പ്രവാഹം. ജനകീയനായ രാഷ്ട്രീയ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മന്ത്രിമാരും അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. നർമത്തിൽ ചാലിച്ച പ്രസംഗശൈലിയും രാഷ്ട്രീയത്തിെൻറ അതിർവരമ്പുകളെ ഭേദിച്ച് വിപുലമായ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ കഴിവും ഉള്ളയാളായിരുന്നു ഉഴവൂർ വിജയനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഉഴവൂർ വിജയെൻറ വേർപാട് കേരളത്തിലെ പൊതുജീവിതത്തിനുണ്ടായ വലിയ നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.എസ്.യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് വന്നകാലം മുതൽ അടുത്തബന്ധമാണ് പുലർത്തിയിരുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.
നർമത്തിെൻറ പുറംമോടി ചാർത്തി ഗൗരവ വിഷയങ്ങൾ ജനപക്ഷത്ത് എത്തിച്ച ഉത്തമ പ്രഭാഷകനായിരുന്നു ഉഴവൂർ വിജയനെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി അനുസ്മരിച്ചു. വിജയൻ ആത്മസുഹൃത്തും നാട്ടുകാരനുമാണ്. എല്ലാ കാര്യങ്ങളും വിമർശനബുദ്ധിയോടെ പരിശോധിക്കുകയും മാർഗങ്ങൾ നിർദേശിച്ച രാഷ്ട്രീയനേതാവായിരുന്നു. താഴ്ന്ന നിലയിൽനിന്ന് സ്വന്തം അധ്വാനത്തിലൂടെയാണ് രാഷ്ട്രീയകക്ഷിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ വ്യത്യസ്തമായ വ്യക്തിത്വം പുലർത്തിയ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു.
കേരളത്തിലെ പൊതുജീവിതത്തിന് തന്നെ വലിയ നഷ്ടമാണ് ഉഴവൂര്‍ വിജയെൻറ നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
കേരള വിദ്യാർഥി യൂനിയെൻറ പ്രവർത്തന കാലഘട്ടം മുതലേ അടുത്ത ബന്ധമുണ്ടെന്ന് വി.എം. സുധീരൻ അനുസ്മരിച്ചു. ഏത് കാര്യവും സരസമായി അവതരിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് അന്നേ അദ്ദേഹത്തിനുണ്ടായിരുെന്നന്ന് സുധീരൻ ചൂണ്ടിക്കാട്ടി. ആത്്മാർഥതയും അർപ്പണബോധവുമുള്ള പൊതുപ്രവർത്തകനെയാണ് നഷ്ടമായതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശാക്തീകരണത്തില്‍ ഉഴവൂര്‍ വിജയെൻറ സേവനങ്ങള്‍ വിലപ്പെട്ടതായിരുെന്നന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് അനുസ്മരിച്ചു.
ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ അനുശോചിച്ചു. പ്രലോഭനങ്ങളെ അതിജീവിച്ച് പൊതുപ്രവർത്തകെൻറ ആർജവബോധം കാണിച്ചു. നിസ്വാർഥ ജനസേവകനും മികച്ച വാഗ്മിയുമായ ഉഴവൂർ വിജയെൻറ വേർപാട് രാഷ്ട്രീയകേരളത്തിന് തീരാനഷ്ടമാണെന്ന് ജനതാദൾ-യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പൊതുപ്രവർത്തനത്തിൽനിന്ന് സമ്പാദിക്കാതെ വ്യക്തിബന്ധങ്ങളും സത്കീർത്തിയും സ്വായത്തമാക്കിയ മനുഷ്യസ്നേഹിയായ രാഷ്ട്രീയനേതാവാണ് ഉഴവൂർ വിജയെനന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.