മലപ്പുറം: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരടക്കം മലബാർ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി വി. അബ്ദുറഹ്മാെൻറ ഫേസ്ബുക് പോസ്റ്റ്. ബ്രീട്ടീഷ് പട്ടാളത്തിനെതിരായ അതിശക്തമായ ചെറുത്തു നിൽപിന് വർഗീയതയുടെ രൂപം നൽകി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ തന്നെ മലീമസമാക്കുന്നതിനാണ് ഈ നീക്കമെന്നും നാളെ മഹാത്മ ഗാന്ധിയെ പോലും സമര ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ഗോഡ്സെ ഭക്തർ മടികാണിക്കില്ലെന്നും പോസ്റ്റിൽ പറയുന്നു.
''ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ നടുവളച്ചവരുടെ പിൻഗാമികൾക്കും അവർക്ക് പാദസേവ ചെയ്യുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിനും യഥാർഥ രാജ്യസ്നേഹവും സ്വാതന്ത്ര്യ സമര പോരാട്ടവും ഉൾകൊള്ളാൻ കഴിയുകയില്ല. കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും രക്തരൂക്ഷിതമായ സ്വാതന്ത്ര്യ സമര പോരാട്ടമാണിത്. മലബാർ സമരത്തിന് 100 വയസ് പൂർത്തിയാകുമ്പോൾ നോവുന്നതാർക്കാണെന്ന് വളരെ വ്യക്തമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ നടന്ന ധീരമായ ചെറുത്ത് നിൽപിനെ സുവർണ ലിപികളിൽ രേഖപ്പെടുത്തുന്നതിന് പകരം കരിവാരി തേക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മഷിയിട്ട് നോക്കിയാൽ പോലും സാനിധ്യമില്ലാത്തവരാണ് ചരിത്ര ഏടുകളെ തിരുത്താൻ ശ്രമിക്കുന്നത്''.
''ബ്രിട്ടീഷ് സർക്കാരിെൻറ കാർഷിക വിരുദ്ധ നികുതി സമ്പ്രദായത്തിനെതിരെ നടന്ന സമരത്തെ മുഷ്ടി ഉപയോഗിച്ചാണ് പട്ടാളം നേരിട്ടത്. അനധികൃതമായി ജയിലിലടച്ചവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടവരെ വെടിയുണ്ടകൊണ്ടാണ് അവർ നേരിട്ടത്. 17 പേരാണ് 1921ൽ തിരൂരങ്ങാടിയിൽ രക്തസാക്ഷികളായത്. ബ്രിട്ടീഷ് പട്ടാളത്തിനെതരിരെ രാജ്യം കണ്ട ഏറ്റവും വലിയ ചെറുത്തു നിൽപ്പിനാണ് മലബാർ പിന്നീട് സാക്ഷ്യം വഹിച്ചത്. പോരാട്ടത്തിന് 100 വർഷം തികയുന്ന വേളയിൽ നിർഭാഗ്യവശാൽ രാജ്യം ഭരിക്കുന്നത് ബ്രിട്ടീഷ് സേവകരുടെ പിൻഗാമികളാണ്. രാജ്യം മുഴുവൻ നടന്ന കർഷക സമരത്തെ ബി.ജെ.പി സർക്കാർ എങ്ങിനെയാണ് നേരിട്ടതെന്നത് നാം കണ്ടതാണ്. കർഷകരെ തീവ്രവാദികളാക്കിയും ദേശവിരുദ്ധരാക്കിയും ചിത്രീകരിച്ച് സമരത്തെ ഇകഴ്ത്തി കാട്ടാനാണ് സർക്കാർ ശ്രമിച്ചത്. അതിെൻറ തന്നെ മറ്റൊരു രൂപമാണ് മലബാർ സമര പോരാളികളെ വർഗീയവാദികളായി ചിത്രീകരിക്കുക എന്നത്. ആലിമുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടം ബ്രിട്ടീഷ് സേവകരുടെ അപവാദ പ്രചാരണങ്ങൾ കൊണ്ട് അവഗണിക്കേണ്ടതല്ല''' -വി. അബ്ദുറഹ്മാൻ പറഞ്ഞു.
എത്ര അപവാദങ്ങൾ പാടി നടന്നാലും യഥാർഥ രാജ്യസ്നേഹികളുടെ മനസിൽ മലബാർ പോരാട്ടം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളിലൊന്നായിരിക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.