സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയോട് പ്രതികരിച്ച് വഖഫ് മന്ത്രി വി. അബ്ദുറഹ്മാന്‍. ജിഫ്രി തങ്ങളെ ആരെങ്കിൽ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു.
വഖഫ് വിഷയത്തിൽ തന്‍റെ നിലപാട് നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ധിക്കാരപരമായ നിലപാടുണ്ടെന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജിഫ്രി തങ്ങൾ തെറ്റിദ്ധാരണ മാറ്റണമെന്നാണ് തന്‍റെ ആവശ്യം. തെറ്റായ പെരുമാറ്റം അദ്ദേഹത്തോടോ മറ്റുള്ളവരോടോ താൻ നടത്തിയിട്ടില്ല. നേരിൽ കാണാൻ അവസരമുണ്ടായാൽ തെറ്റിദ്ധാരണ തിരുത്താൻ തങ്ങളോട് ആവശ്യപ്പെടും.
മുസ് ലിം സമൂഹം അംഗീകരിക്കുന്ന പ്രസ്താവനയാണ് ജിഫ്രി തങ്ങൾ നടത്തിയത്. അദ്ദേഹത്തെ ബഹുമാനിക്കുന്നു. അതാണ് മാതൃക. ഒരു സമുദായത്തെ വെച്ച് മുതലെടുക്കുന്ന രാഷ്ട്രീയം പാടില്ലെന്നാണ് തന്‍റെയും നിലപാടെന്നും മന്ത്രി അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച സമസ്ത വഖഫ് മുതവല്ലി സംഗമത്തിൽ വഖഫ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ രൂക്ഷ വിമർശനമാണ് ജിഫ്രി തങ്ങൾ നടത്തിയത്. എന്തു വന്നാലും വഖഫ് നിയമം പാസാക്കുമെന്നാണ് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞത്. അതൊരു ധാർഷ്ട്യമാണ്. അത് അംഗീകരിക്കാനാവില്ലെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.