തിരുവനന്തപുരം: സ്ഥാനവും കണ്ട് കുറ്റിയും അടിച്ചപ്പോൾ വന്ന് സദ്യയും ഉണ്ട് പോയവർ പിന്നീട് ഇവിടെ വീട് വെക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകുമോയെന്ന് മന്ത്രി വി. അബ്ദുഹ്മാൻ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ സംഘടിപ്പിച്ച വിദഗ്ധ സംഗമത്തിലായിരുന്നു പരാമർശം.
ഏതെങ്കിലും ഹാർബർ നിർമാണംകൊണ്ടല്ല കടലാക്രമണമുണ്ടാകുന്നത്. കാലാവസ്ഥ മാറ്റത്തെത്തുടർന്ന് കേരളത്തിൽ 50 ഹോട്സ്പോട്ടുകളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വീട് പണിയെല്ലാം കഴിഞ്ഞ് മുറ്റം പണി നടക്കുമ്പോൾ വീട് ഇവിടെ വെക്കാൻ പാടില്ലെന്ന് പറയുംപോലെയാണ് സാഹചര്യങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
ഗെയിൽ പൈപ്പ് ലൈനിന്റെ സമയത്ത് റോഡിൽ മുസല്ലയിട്ട് (നമസ്കാരപ്പായ) നമസ്കരിച്ച സമരമുണ്ടായി. എന്നിട്ടും സർക്കാർ പിന്നോട്ട് പോയില്ല. സമരക്കാരുമായി ചർച്ച നടത്തുന്ന ഘട്ടത്തിൽ ഇത്രക്ക് താഴേണ്ടെന്ന് ഉദ്യേഗസ്ഥർ പറഞ്ഞിരുന്നു. കാര്യങ്ങൾ മനസ്സിലാക്കി അവർ പിന്മാറട്ടെ എന്നായിരുന്നു തന്റെ നിലപാട്. ആരെയും കുടിയൊഴിപ്പിക്കാതെയും ആരെയും ദ്രോഹിക്കാതെയും പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
തൊഴിലാളിവിരുദ്ധമായ ഒരു നടപടിയും ഇടത് സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ഒരിറ്റു കണ്ണീര് വീഴാൻ ഈ സർക്കാർ അനുവദിക്കില്ല. ഏതെങ്കിലും പത്താളുകൾ വന്നാൽ വികസന പ്രവർത്തനമെല്ലാം നിലക്കുമെങ്കിൽ പിന്നെ രാജ്യവും സംസ്ഥാനവുമൊന്നും വേണ്ടല്ലോ. കുറച്ചാളുകളും പത്ത് ഗുണ്ടകളും മതിയല്ലോ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.