ചര്‍ച്ച നടത്താതെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാരിന്റെ പരീക്ഷണശാലയല്ല കേരളത്തിലെ വിദ്യാഭ്യാസ രംഗം -വി.ഡി. സതീശൻ

 കോഴിക്കോട്: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രായോഗികമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് സര്‍വകലാശാലകളില്‍ നിന്നു പ്രീ ഡിഗ്രി ഒഴിവാക്കി പ്ലസ് ടു ഉണ്ടാക്കിയത്. ഇപ്പോള്‍ സെക്കന്‍ഡറിയെയും ഹയര്‍ സെക്കന്‍ഡറിയെയും ഏകീകരിക്കണമെന്ന് പറയുന്നത് അപ്രായോഗികമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നല്ല കാര്യങ്ങളുണ്ടെങ്കില്‍ സ്വാഗതം ചെയ്യാം. പക്ഷെ ഒരു ചര്‍ച്ചയും നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാരിന്റെ പരീക്ഷണശാലയല്ല കേരളത്തിലെ വിദ്യാഭ്യാസരംഗം. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളൊക്കെ വിദ്യാഭ്യാസ പുരോഗതിയെ ഗൗരവമായി ബാധിക്കും. അതുകൊണ്ട് ഖാദര്‍ കമ്മിറ്റി സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണയില്‍ വിജയിച്ച മുസ്‍ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ശരിവെച്ച ഹൈക്കോടതി വിധി വി.ഡി. സതീശൻ സ്വാഗതം ചെയ്തു. തെറ്റായ വാദത്തെ തുടര്‍ന്നാണ് ഇത്തരമൊരു കേസ് ഉണ്ടായതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും സാന്നിധ്യം ഒഴിച്ചാല്‍ കേന്ദ്രത്തിന്റെ ഒരു സഹായവും ഉണ്ടായിട്ടില്ല. കേന്ദ്രം സാമ്പത്തികമായി സഹായിക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വയനാട് പുനരധിവാസ പ്രകൃയക്കും അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടത്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വാണിങ് സിസ്റ്റം വയനാട് ഉള്‍പ്പെടെ സംസ്ഥാനത്താകെ പ്രയോജനപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യാതിയാനത്തിന്റെ ഏറ്റവും വലിയ ഇരയായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും മനുഷ്യനെ അവിടെ നിന്നും മാറ്റാനും സാധിക്കണം. ലോകത്ത് എല്ലായിടത്തുമുള്ള ഈ സംവിധാനങ്ങള്‍ കേരളത്തിലും ഉണ്ടാകണം. കേന്ദ്ര- സംസ്ഥാന വകുപ്പുകള്‍ സംയോജിച്ച് ലോക നിലവാരമുള്ള വാണിങ് സിസ്റ്റവും ഇവാക്യുവേഷന്‍ സിസ്റ്റവും സ്ഥാപിക്കണം. ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാകാന്‍ പാടില്ല. അതിന് വേണ്ടിയാണ് കേന്ദ്ര സഹായം നല്‍കേണ്ടത്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച് മടങ്ങിയാല്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എം.പിമാര്‍ കേരളത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട് അപകടം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നടന്ന നിയമസഭ സമ്മേളനത്തിലും അപകടകരമായ കാലാവസ്ഥാ വ്യതിയാനം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ഏത് നയരൂപീകരണം നടത്തിയാലും അതിന്റെ പ്രധാനഘടകം കാലാവസ്ഥാ വ്യതിയാനമായിരിക്കണമെന്നും ആവശ്യപ്പെട്ടതാണ്. പശ്ചിമഘട്ടത്തിലെ ക്വാറികള്‍ക്കും നിയന്ത്രണം വേണം. അല്ലാതെ കര്‍ഷകരല്ല പശ്ചിമഘട്ടത്തെ ദ്രോഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - V D Satheesan against khadar committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.