തിരുവനന്തപുരം: ‘മിഷൻ 2025’ മായി ബന്ധപ്പെട്ട കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക വിരാമം. പ്രശ്നത്തിൽ ഹൈകമാൻഡ് ഇടപെട്ടതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മിഷൻ കൺവീനർ ചുമതല ഏറ്റെടുക്കാനാവില്ലെന്ന നിലപാട് മാറ്റി. ചൊവ്വാഴ്ച മലപ്പുറത്ത് നടക്കുന്ന ജില്ല ക്യാമ്പിൽ വി.ഡി. സതീശൻ ‘മിഷൻ 2025’ സംബന്ധിച്ച രൂപരേഖ അവതരിപ്പിക്കും. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ജില്ല ക്യാമ്പിൽനിന്ന് സതീശൻ വിട്ടുനിന്നിരുന്നു. കെ.പി.സി.സി നേതൃയോഗത്തിൽ തനിക്കെതിരെ വിമർശനം ഉയരുകയും അതു മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതിനെ തുടർന്നായിരുന്നു സതീശന്റെ പ്രതിഷേധം.
വാർത്ത ചോർത്തിയവർക്കെതിരെ നടപടിയെടുക്കാതെ കൺവീനർ ചുമതല ഏറ്റെടുക്കാനാവില്ലെന്ന് ഹൈകമാൻഡിനെ അറിയിക്കുകയും ചെയ്തു. പരാതി ഗൗരവത്തിലെടുത്ത ഹൈകമാൻഡ് നടപടിക്ക് തയാറായതോടെയാണ് സതീശൻ അയഞ്ഞത്. സതീശനുമായി സംസാരിച്ച ഐ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, വാർത്ത ചോർത്തിയവർക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് ഉറപ്പും നൽകി.
വാർത്ത ചോർച്ചക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കെ.പി.സി.സി അച്ചടക്ക സമിതിയുടെ ചുമതല വഹിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോട് നിർദേശിക്കുകയും ചെയ്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ചില ഭാരവാഹികളാണ് പ്രതിസ്ഥാനത്തുള്ളത്. വയനാട്ടിൽ ചേർന്ന കെ.പി.സി.സി എക്സിക്യുട്ടിവ് ക്യാമ്പിലാണ് തദ്ദേശവോട്ട് ലക്ഷ്യമിട്ട് ‘മിഷൻ 2025’ പദ്ധതി തയാറാക്കിയത്. മുതിർന്ന നേതാക്കൾക്ക് കോർപറേഷനുകളുടെയും ജില്ലകളുടെയും പ്രത്യേക ചുമതല നൽകിയുള്ള കർമപരിപാടികളാണ് അതിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.