മാലിന്യം നീക്കാൻ ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമാണെന്ന് വി.ഡി. സതീശൻ

കൊച്ചി: മാലിന്യം നീക്കാൻ ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ വീണ ആളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമം വിജയത്തില്‍ എത്തട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു. നഗരത്തിലെ മുഴുവന്‍ മാലിന്യവുമാണ് അവിടെ അടിഞ്ഞു കൂടിയിരിക്കുന്നത്. നിലവില്‍ സ്‌കൂബാ ഡൈവിങ് ടീമും റോബോട്ട്‌സും അവിടെ എത്തുകയും മാലിന്യങ്ങള്‍ ടണ്‍ കണക്കിന് നീക്കം ചെയ്തിട്ടുമുണ്ട്.

മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശ മന്ത്രി പരിഹസിക്കുകയായിരുന്നു. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് പ്രതിപക്ഷത്തെ പരിഹസിച്ച തദ്ദേശ മന്ത്രിയോട് ചോദിക്കാനുള്ളത്, നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു ഇത്ര നാള്‍ എന്നതാണ്. റെയില്‍വെയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കമാണെന്നാണ് പറയുന്നത്. റെയില്‍വെ പറയുന്നു കോര്‍പറേഷന്‍ ചെയ്യണമെന്ന്.

കോര്‍പറേഷന്‍ പറയുന്നു റെയില്‍വെയാണ് ചെയ്യേണ്ടതെന്ന്. റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതു പരിഹരിക്കാനല്ലേ ഒരു സര്‍ക്കാരുള്ളത്. രണ്ട് കൂട്ടരുടെയും യോഗം വിളിച്ച് പരിഹാരത്തിന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറായില്ല. ഈ കെടുകാര്യസ്ഥതയാണ് എല്ലായിടത്തും കാണുന്നത്.

മഴക്കാല പൂര്‍വ ശുചീകരണം പരാജയപ്പെട്ടതിനാല്‍ എവിടെ മഴ പെയ്താലും വെള്ളം കെട്ടി നില്‍ക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു. ശുദ്ധജല വിതരണത്തില്‍ വലിയ പാളിച്ചകളുണ്ടായി. പെരുമ്പാവൂരില്‍ പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന അഞ്ജന എന്ന സ്ത്രീ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ആ പ്രദേശത്ത് മുഴുവന്‍ രോഗം വ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്.

സര്‍ക്കാരും തദ്ദേശ വകുപ്പും ആരോഗ്യവകുപ്പും ഒരു ഏകോപനവുമില്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സങ്കടകരമായ അവസ്ഥയാണ് സംസ്ഥാനത്ത്. കെടുകാര്യസ്ഥത കൊണ്ട് നിഷ്‌ക്രിയമായ ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം സാധാരണക്കാരന്റെ ജീവിതത്തെ എത്രത്തോളം ദുസഹമാക്കിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ കാണുന്നത്.

തിരുവനന്തപുരം നഗരത്തിലെ ഒരു പ്രദേശത്ത് പത്ത് ദിവസമാണ് വെള്ളം കെട്ടിക്കിടന്നത്. മഞ്ഞപ്പിത്തവും കോളറയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകരുകയാണ്. മന്ത്രി അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് മറുപടി പറയുമ്പോള്‍ ആ അലക്കിത്തേപ്പ് ഇവിടെയില്ല. ഇവിടെ മാലിന്യക്കൂമ്പാരമാണ്. ഇപ്പോള്‍ ചെയ്യുന്ന പണിയൊക്കെ നേരത്തെയും ചെയ്യാമായിരുന്നല്ലോ? യോഗം വിളിച്ചാല്‍ ശുചീകരണമാകില്ല. റെയില്‍വെയുടേത് അല്ലാതെയുള്ള സ്ഥലത്ത് ശുചീകരണം നടന്നിട്ടുണ്ടോ? റെയില്‍വെയുടെ മാത്രം മാലിന്യമല്ല ആമയിഴഞ്ചാന്‍ തോട്ടിലേക്ക് എത്തുന്നത്. കേരളത്തില്‍ ഒരിടത്തും മഴക്കാല പൂര്‍വശുചീകരണം നടന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ ഒരു ഗഡു പദ്ധതി വിഹിതം മാത്രമാണ് നല്‍കിയത്. രണ്ടും മൂന്നും വിഹിതങ്ങള്‍ നല്‍കിയപ്പോള്‍ ട്രഷറി പൂട്ടി. എന്നിട്ടാണ് 80 ശതമാനം ചെലവാക്കണമെന്ന നിബന്ധന സര്‍ക്കാര്‍ വച്ചിരിക്കുന്നത്. ക്യാരി ഓവര്‍ ചെയ്തിരിക്കുന്ന തുക ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും എടുക്കണമെന്നാണ് പറയുന്നത്. പണമില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ എങ്ങനെ മഴക്കാല പൂര്‍വശുചീകരണം നടത്തും?

പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യമന്ത്രി കാപ്പ കേസിലെ പ്രതിയ മാലയിട്ട് സ്വീകരിക്കുകയാണ്. വിവാദമായപ്പോള്‍ അയാള്‍ കാപ്പ കേസിലെ പ്രതിയല്ലെന്നാണ് മന്ത്രി പറയുന്നത്. അയാള്‍ കാപ്പ കേസിലെ പ്രതിയായിരുന്നു. അത് ലംഘിച്ചതിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട ആളാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചതിന് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ആളെ വരെ മന്ത്രി മാലയിട്ട് സ്വീകരിച്ചു. കഞ്ചാവ് കേസിലെ പ്രതി ഉള്‍പ്പെടെ ക്രിമിനലുകളെ സി.പി.എം റിക്രൂട്ട് ചെയ്യുകയാണ്.

മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. അവര്‍ക്ക് ഒരു നിമിഷം തുടരാന്‍ അര്‍ഹതയില്ല. മന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം. 62 ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചിട്ടും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ന്യായീകരിക്കുകയാണ്. പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ലാത്ത മന്ത്രിയാണ് ക്രിമിനലുകളെ സ്വീകരിക്കുന്നത്. ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്നതാണോ മന്ത്രിയുടെ നിലപാട്? ഡല്‍ഹിയില്‍ അഴിമതിക്കാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അവര്‍ അഴിമതി വിരുദ്ധരാകും. കേരളത്തില്‍ ക്രിമിനലുകള്‍ സി.പി.എമ്മില്‍ ചേര്‍ന്നാല്‍ അവരെ വെള്ളപൂശും. രണ്ടിടത്തും ഒരേ കാര്യങ്ങളാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു.


Tags:    
News Summary - V. D. Satheesan said it was sad that it took a man's disappearance to clear the garbage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.