ജയിക്കാന്‍ എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവരുടെ സംഘമാണ് സി.പി.എമ്മെന്ന് വി.ഡി സതീശൻ

ചാലക്കുടി: ജയിക്കാന്‍ എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവരുടെ സംഘമാണ് സി.പി.എമ്മെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'കാഫിര്‍' എന്ന കള്ളപ്രചരണം നടത്തിയത് സി.പി.എം തന്നെയാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗ് പ്രവര്‍ത്തകന് ഒരു പങ്കുമില്ലെന്നാണ് പൊലീസ് പറയുന്നത്. പോരാളി ഷാജിയും അമ്പാടി മുക്ക് സഖാക്കളും മുന്‍ എം.എല്‍.എ കെ.കെ ലതികയുമാണ് ഇത് പ്രചരിപ്പിച്ചത്. അവര്‍ തന്നെ വ്യാജ കണ്ടെന്റുണ്ടാക്കി ഫേക്ക് ഐ.ഡിയിലൂടെ പ്രചരിപ്പിച്ച് വടകരയില്‍ വര്‍ഗീയ വിഭജനമുണ്ടാക്കാനാണ് ശ്രമിച്ചത്. കേരളത്തിലെ സി.പി.എമ്മിന് മുന്നില്‍ സംഘപരിവാര്‍ പോലും നാണിച്ചു പോകും. കാഫിര്‍ പ്രചരണം കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

വടകരയില്‍ സംഘപരിവാറിനെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയ പ്രചരണമാണ് സി.പി.എം നടത്തിയത്. എന്നിട്ട് അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫിന്റെയും യു.ഡി.എഫ് സ്ഥാനാർഥിയുടെയും തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. സി.പി.എം സൈബര്‍ സംഘങ്ങള്‍ ഇപ്പോള്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ രാഷ്ട്രീയ നേതാക്കളെയും വനിതാ മാധ്യമ പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്ന സി.പി.എം ഹാന്‍ഡിലുകളൊക്കെ പിണറായിക്കും സി.പി.എം നേതാക്കള്‍ക്കുമെതിരെ പീരങ്കി തിരിച്ചുവച്ചിരിക്കുകയാണ്.

ഓരോ ഹാന്‍ഡിലുകള്‍ക്ക് പിന്നിലും ഓരോ സി.പി.എം നേതാക്കളാണ്. കേരളത്തിലെ സി.പി.എമ്മിന് ജീര്‍ണത ബാധിച്ചിരിക്കുകയാണ്. ബംഗാളിലെയും ത്രിപുരയിലെയും പോലെ സി.പി.എമ്മിനെ കേരളത്തില്‍ കുഴിച്ചുമൂടി വാഴയും വച്ചിട്ടേ പിണറായി വിജയന്‍ പോകൂ. മാസപ്പടി കേസ് വിജിലന്‍സ് തള്ളിയ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആ കേസില്‍ കോടതിയില്‍ നിയമപരമായി പോരാടും.

കേരളം ഭരിക്കുന്നത് അഴിമതിക്കാരും പാവങ്ങളെ മറക്കുന്ന സര്‍ക്കാരുമാണെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ യു.ഡി.എഫ് ജനങ്ങളോട് പറഞ്ഞു. അഴിമതി ഉള്‍പ്പെടെയുള്ളവ ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും സംഭവിക്കാന്‍ പോകുന്നതിന്റെ തുടക്കമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായത്. പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുകള്‍ പോലും ഒഴുകിപ്പോയി.

രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചതു പോലെ നെഹ്‌റു കുടുംബത്തിലെ അംഗവും ഇന്ത്യ മുന്നണിയുടെ സ്റ്റാര്‍ കാമ്പയിനറുമായ പ്രിയങ്ക ഗാന്ധിയെയും വയനാടും കേരളവും ഹൃദയത്തിലേക്ക് സ്വീകരിക്കും. ഫാസിസ്റ്റ് വര്‍ഗീയ മുന്നണിക്കെതിരെ ഭയമില്ലാതെ പോരാട്ടം നയിക്കുന്ന മുന്നണി പോരാളിയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി. മത്സരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും മാറി നിന്ന പ്രിയങ്ക ഗാന്ധി വയനാട്ടിലാണ് ആദ്യമായി മത്സരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി ഹൃദയപൂര്‍വം പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്യുന്നു.

വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചപ്പോള്‍ രണ്ട് മണ്ഡലങ്ങള്‍ക്കും സന്തോഷം നല്‍കുന്ന തീരുമാനമെടുക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഷ്ട്രീയമായ കാരണങ്ങളാലാണ് റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിച്ചത്. യു.പിയില്‍ വലിയൊരു തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ടാണ് വയനാട്ടിലെ ജനങ്ങളെ നിരാശരാക്കാതെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചത്. രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ വയനാട്ടിലെ വോട്ടര്‍മാര്‍ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കും.

ഇന്ത്യയില്‍ ആദ്യമായിട്ടല്ല രാഷ്ട്രീയ നേതാക്കള്‍ രണ്ടു സ്ഥലത്ത് മത്സരിക്കുന്നത്? മോദി ഉള്‍പ്പെടെയുള്ളവര്‍ രണ്ടിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മത്സരിക്കാതെ ദക്ഷിണേന്ത്യയില്‍ മാത്രം മത്സരിക്കുന്നു എന്നതായിരുന്നു ബി.ജെ.പി ആദ്യം ഉന്നയിച്ചിരുന്ന പരാതി. അങ്ങനെയുള്ളവരാണ് രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ തുടരുന്നതിനെ പരിഹസിക്കുന്നത്. ഹിന്ദിഹൃദയ ഭൂമിയില്‍ നിന്നും മോദി വിജയിച്ചതിനേക്കാള്‍ ഇരട്ടി വോട്ടിനാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്.

വയനാടുമായി പ്രിയങ്ക ഗാന്ധിക്ക് എന്ത് ബന്ധമെന്നാണ് വി. മുരളീധരന്‍ ചോദിച്ചത്. ഇന്ത്യയുടെ ഹൃദയത്തില്‍ അലിഞ്ഞു ചേരുന്ന ബന്ധമാണ് നെഹ്‌റു കുടുംബത്തിനുള്ളത്. വി. മുരളീധരന്‍ ഏത് സംസ്ഥാനത്ത് നിന്നാണ് രാജ്യസഭ അംഗമായി കേന്ദ്ര മന്ത്രിയായത്? ആ സംസ്ഥാനവുമായി എന്തൊരു ബന്ധമായിരുന്നു? കേരളത്തില്‍ നിന്നും ജയിച്ചിട്ടല്ലല്ലോ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായത്.

വി. മുരളീധരന് ആ സംസ്ഥാനത്തോടുള്ളതിനേക്കാള്‍ ഹൃദയബന്ധം പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കേരളത്തിനോടുണ്ട്. ഒരു വിരല്‍ മറ്റുള്ളവര്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകളെല്ലാം സ്വന്തം നെഞ്ചത്തോട്ടാണ് ചൂണ്ടുന്നതെന്ന് ഓര്‍ക്കണം. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ച് കേന്ദ്രം നേതൃത്വമാണ് സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത്.

Tags:    
News Summary - V D Satheesan said that CPM is a group of people who do not hesitate to do any dirty work to win.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.