കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്.എഫ്.ഐ.ഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും കേന്ദ്ര ഏജൻസികളൊന്നും കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചിട്ട് പത്തു മാസമായി. ചോദ്യം ചെയ്യല്‍ എന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിന് അപ്പുറത്തേക്ക് അതില്‍ ഒന്നുമില്ല. പത്തു മാസമായി അന്വേഷണം നടക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. അന്വേഷണങ്ങളെല്ലാം പ്രഹസനമാണ്. കരുവന്നൂരിലും ഒന്നും നടന്നില്ല. തെരഞ്ഞെടുപ്പ് കാലത്തുള്ള വെറും വെടിക്കെട്ടാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കരുവന്നൂർ എന്നൊരു വാക്ക് കേൾക്കാനില്ല.എല്ലാം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്.
നാളെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്തിട്ടാണ് തൃശൂര്‍ സീറ്റില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തിയത്. മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് ഇന്നത്തെ അന്വേഷണം. യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്തതാണെങ്കില്‍ പോലും അതു നടപടിക്രമത്തിന്റെ ഭാഗമാണ്. സി.പി.എം- ബി.ജെ.പി ബാന്ധവം കേരളത്തില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഇതുകൊണ്ടൊന്നും മറയ്ക്കാനാകില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ അതേ അഭ്യാസം തന്നെയാണ് ഇപ്പോഴും ആരംഭിച്ചിരിക്കുന്നത്. അതിനപ്പുറം ഒരു ഗൗരവവും ഞങ്ങള്‍ കാണുന്നില്ല. ഒരു അന്വേഷണവും പിണറായി വിജയനെതിരെയോ സി.പി.എമ്മിനെതിരെയോ കേന്ദ്ര ഏജന്‍സികള്‍ നടത്തില്ല. സി.പി.എം തിരിച്ചും സഹായിക്കാറുണ്ട്. കുഴല്‍പ്പണ കേസില്‍ സഹായിച്ചതിനു പിന്നാലെയാണ് സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസില്‍ സഹായിച്ചത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ കുറ്റപത്രം നല്‍കിയില്ല.
ഇക്കാര്യം ജഡ്ജി ഉത്തരവില്‍ എഴുതി വച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഡിലേ വന്നാല്‍ സാധാരണയായി ഡിലേ പെറ്റീഷന്‍ നല്‍കാറുണ്ട്. അങ്ങനെയൊരു ഡിലേ പെറ്റീഷന്‍ പോലും സുരേന്ദ്രന്റെ കേസില്‍ നല്‍കിയിട്ടില്ല. അങ്ങെയൊരു പെറ്റീഷന്‍ നല്‍കാതിരിക്കാന്‍ പ്രോസിക്യൂഷന്‍ പ്രത്യേകമായി ശ്രദ്ധിച്ചു. രണ്ടു പ്രധാനപ്പെട്ട കേസുകളില്‍ നിന്നാണ് സുരേന്ദ്രനെ സര്‍ക്കാര്‍ രക്ഷിച്ചെടുത്തത്. അങ്ങോട്ടും ഇങ്ങോട്ടും പുറംചൊറിഞ്ഞു കൊടുക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും.
കരുവന്നൂരില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും എ.സി മൊയ്തീനും ഉള്‍പ്പെടെയുള്ള നേതാക്കളെ ഇ.ഡി വിളിപ്പിച്ചു. ഇപ്പോള്‍ അറസ്റ്റു ചെയ്യുമെന്ന തോന്നലുണ്ടാക്കി. ഇ.ഡി പിടിമുറുക്കുന്നു എന്നാണ് മാധ്യമങ്ങള്‍ തലക്കെട്ടു നല്‍കിയത്. ഇ.ഡി ഒരു പിടിയും മുറുക്കില്ലെന്നും തിരഞ്ഞെടുപ്പിന് മുന്‍പുള്ള അഭ്യാസമാണെന്നും അന്നു ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്. അതു തന്നെയാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. മഞ്ചേശ്വരം കോഴ കേസില്‍ ചാര്‍ജ് ഷീറ്റ് വൈകിപ്പിച്ച് സുരേന്ദ്രനൈ വെറുതെ വിട്ടതിനെ കുറിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വേറെ അന്വേഷണം നടക്കാതിരിക്കുന്നതിന് വേണ്ടിയാണ് എസ്.എഫ്.ഐ.ഒ അന്വേഷണം ഉണ്ടെന്നു പറഞ്ഞത്. എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് പത്തു മാസമായിട്ടും ചെറുവിരല്‍ അനക്കിയില്ല. കേസിന്റെ നടപടിക്രമത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലിനെ എങ്ങനെയാണ് ബി.ജെ.പി വേട്ടയാടല്‍ എന്നു പറയുന്നത്. ഇതുവരെ നടത്തിയ അന്വേഷണങ്ങളൊക്കെ പ്രഹസനമാണ്. അതുതന്നെ ഈ കേസിലും സംഭവിക്കുമെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.