പാലക്കാട്: മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതെന്നും അനാവശ്യ പ്രശ്‌നമുണ്ടാക്കിയ സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ് മുനമ്പത്തെ വില്ലനെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫറൂഖ് കോളജ് മാനേജ്‌മെന്റ് പണം വാങ്ങി നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്? പ്രശ്‌നം കോടതിയില്‍ പരിഹരിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞതിലൂടെ കള്ളക്കളി പുറത്തു വന്നിരിക്കുകയാണ്. ഇവിടെയാണ് പ്രകാശ് ജാവദേദ്ക്കര്‍ പറഞ്ഞതും സര്‍ക്കാരിന്റെ നിലപാടും ഒന്നാകുന്നത്. പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിക്കാന്‍ ശ്രമിച്ചതു പോലെ കേരളത്തില്‍ ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
എങ്ങനെയാണ് ഈ പ്രശ്‌നത്തെ വഖഫ് ആക്ടുമായി ബന്ധപ്പെടുത്തുന്നത്. 1995ലെ വഖഫ് ആക്ട് ഭേദഗതി നിലവില്‍ വന്ന് 26 വര്‍ഷത്തേക്ക് ഒരു കുഴപ്പവുമുണ്ടായില്ല. 2021ല്‍ വഖഫ് ബോര്‍ഡാണ് റവന്യൂ വകുപ്പിനോട് കരം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ചത്. 26 വര്‍ഷം ഇവര്‍ എവിടെയായിരുന്നു? അന്നൊന്നും ഒരു അവകാശവാദവും ഉണ്ടായിരുന്നില്ലല്ലോ.
സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് യു.ഡി.എഫ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് കോടതിയില്‍ സ്വീകരിക്കാന്‍ വഖഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. അല്ലെങ്കില്‍ കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിച്ച് കോടതിയെ അറിയിക്കണം. ഇതൊന്നും ചെയ്യാതെ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ്. ഒരു വശത്ത് വഖഫ് ഭൂമിയാണെന്നു പറയുകയും മറുവശത്ത് അല്ലായെന്നു പറയുകയുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
പ്രതിപക്ഷവും ഭരണകക്ഷിയും ഒന്നിച്ചാണ് കേന്ദ്രം കൊണ്ടുവരാന്‍ പോകുന്ന വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ബില്‍ പാസായാല്‍ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരം ആകുമെന്നാണ് ബി.ജെ.പി പറയുന്നത്. വഖഫ് ബില്‍ പസായാലൊന്നും മുനമ്പത്തെ പ്രശ്‌നം അവസാനിക്കില്ല. ബി.ജെ.പിക്ക് കേരളത്തില്‍ ഇടം ഉണ്ടാക്കിക്കൊടുക്കുന്നതിനു വേണ്ടി അനാവശ്യമായി വഖഫ് ബോര്‍ഡും സര്‍ക്കാരുമാണ് മുനമ്പത്ത് പ്രശ്‌നമുണ്ടാക്കിയത്. മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമെ വഖഫ് ബോര്‍ഡിന്റെ നിലപാട് സഹായിക്കൂ.
സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ് വില്ലനെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാണെന്നതാണ് യു.ഡി.എഫ് നിലപാട്. അവര്‍ക്ക് എല്ലാക്കാലത്തേക്കും അവകാശം നല്‍കണം. കേരളത്തിലെ മുസ് ലിം സംഘടനകളെല്ലാം ചേര്‍ന്ന് ഈ തീരുമാനമെടുത്തു. പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കളും മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. മുസ് ലിം സംഘടനകള്‍ക്കും മുസ് ലിം ലീഗിനും ഇല്ലാത്ത വാശി ഈ ഭൂമിയുടെ കാര്യത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പിടിക്കുന്നത് എന്തിനാണ്? ഇവിടെ ഒരു നിയമപ്രശ്‌നവുമില്ല. സംസ്ഥന വഖഫ് ബോര്‍ഡാണ് അനാവശ്യമായി നിയമപ്രശ്‌നം ഉണ്ടാക്കിയത്. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുള്ള നിലപാടില്‍ നിന്നും വഖഫ് ബോര്‍ഡും സര്‍ക്കാരും പിന്‍മാറണം. ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള കള്ളക്കളി സര്‍ക്കാര്‍ അവസാനിപ്പിക്കണം.
ഇന്ത്യയില്‍ ആകമാനം വഖഫ് ബോര്‍ഡ് പ്രശ്‌നമാണെന്ന് പ്രകാശ് ജാവദേദ്ക്കര്‍ പറഞ്ഞത് ബി.ജെ.പിയുടെ നിലപാടാണ്. അതിനോട് കേരളത്തിലെ സര്‍ക്കാരും പ്രതിപക്ഷവും യോജിക്കുന്നില്ല എന്നതിനാലാണ് വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കിയത്. ഇതിനേക്കാള്‍ പ്രശ്‌നങ്ങളുള്ള കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെട്ട് ആ ഭൂമി ഒഴിവാക്കിക്കൊടുത്തല്ലോ.
മുനമ്പത്തെ ഭൂമിയില്‍ ഫറൂഖ് കോളജ് പോലും അവകാശവാദം ഉന്നയിക്കുന്നില്ല. പണം കൊടുത്ത് വാങ്ങുന്ന ഭൂമി അനിസ്ലാമികമാണ്. വഖഫ് ഭൂമി ആക്കിയെന്ന് പറയുന്ന കാലത്ത് തന്നെ അവിടെ ആളുകള്‍ താമസിക്കുന്നുണ്ട്. ആളുകള്‍ താമസിക്കുന്ന ഭൂമി എങ്ങനെയാണ് വഖഫ് ആക്കുന്നത്? പെമനന്റ് ഡെഡിക്കേഷനാണ് വഖഫ്. പണം വാങ്ങി ഭൂമി നല്‍കിയാല്‍ അത് എങ്ങനെയാണ് വഖഫ് ആകുന്നത്? ഈ നിലപടാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍ സ്വീകരിച്ചിരുന്ന നിലപാട്. യു.ഡി.എഫ് നിലപാട് വളരെ കൃത്യമാണ്. പ്രകാശ് ജാവദേദ്ക്കറുടെ വാദത്തിന് പിന്‍ബലം നല്‍കുകയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഇപ്പോള്‍ ചെയ്യുന്നത്.
പ്രതിപക്ഷം കത്ത് നല്‍കിയതിനു ശേഷമാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കാന്‍ തീരുമാനിച്ചത്. വിഷയം തുടങ്ങിയിട്ട് മൂന്ന് മാസമായി. ഒരു മാസം മുന്‍പ് പ്രതിപക്ഷ നേതാവ് മുനമ്പത്തെത്തി പൊതുയോഗം വിളിച്ച് യു.ഡി.എഫ് നിലപാട് വ്യക്തമാക്കിയതാണ്. ഇനിയെങ്കിലും സര്‍വകക്ഷി യോഗം വിളിച്ച് അടിയന്തരമായി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് എല്‍.ഡി.എഫ് പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് എടുക്കട്ടെ. പത്ത് മിനിട്ട് മതി രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍.
ബി.ജെ.പി ഉള്‍പ്പെടെ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ നുഴഞ്ഞുകയറി നിലവിലുള്ള വഖഫ് നിയമമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സമരസമിതിക്കാരെ കൊണ്ട് പറയിപ്പിക്കുന്നതാണ്. ഞങ്ങള്‍ അവരെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വഖഫ് ബില്ലില്‍ മുസ് ലിം അല്ലാത്തയാള്‍ വഖഫ് സി.ഇ.ഒ ആകണമെന്നാണ് പറയുന്നത്. അമുസ് ലിംകളായ രണ്ട് അംഗങ്ങള്‍ വേണമെന്നുമുണ്ട്. ദേവസ്വം ബോര്‍ഡില്‍ ക്രിസ്ത്യാനിയും മുസ് ലിമും വേണമെന്നു പറഞ്ഞാല്‍ എങ്ങനെ ഇരിക്കും? അതുപോലൊരു നിയമമാണ് കേന്ദ്രത്തിന്റെ വഖഫ് ബില്‍. ഈ വഖഫ് ബില്‍ പാസായാല്‍ അടുത്തതായി ചര്‍ച്ച് ബില്‍ വരും.
കഴിഞ്ഞായാഴ്ച ക്രൈസ്തവ സംഘടനകള്‍ ഡല്‍ഹിയില്‍ സമരത്തിലായിരുന്നു. ജനുവരി മുതല്‍ സെപ്തംബര്‍ വരെ 585 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തുണ്ടായത്. നിരവധി പേര്‍ ജയിലിലാണ്. ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. മധ്യപ്രദേശില്‍ 600 ക്രൈസ്തവ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. അസാമില്‍ ഒരു സ്‌കൂളിനും വിശുദ്ധന്‍മാരുടെ പേരിടാന്‍ പാടില്ലെന്നാണ് സംഘ്പരിവാര്‍ വിരട്ടുന്നത്. ചര്‍ച്ച് ബില്‍ വന്നാലും യു.ഡി.എഫ് ഇതേ നിലപാട് സ്വീകരിക്കുമെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.