പാലക്കാട്: കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാലും കേന്ദ്രത്തിന്റെ അനുമതി വാങ്ങി വന്നാലും കേരളത്തില്‍ കെ. റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ പദ്ധതി പാരിസ്ഥിതികമായി തകര്‍ത്ത് തരിപ്പണമാക്കും. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ ദുരന്തമേഖലയായി കേരളം മാറിയിരിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കേരളത്തിന് നടുവിലൂടെ 30 അടി ഉയരത്തില്‍ 300 കിലോമീറ്റര്‍ ദൂരം എംബാങ്‌മെന്റ് കെട്ടി, 200 കിലോമീറ്ററില്‍ പത്തടി ഉയരത്തില്‍ മതിലും കെട്ടിയുള്ള കെ. റെയില്‍ വന്നാല്‍ കേരളത്തിന്റെ സ്ഥിതി എന്താകും. ഒരു പഠനവും ഇല്ലാതെ തട്ടിക്കൂട്ടിയ ഡി.പി.ആറുമായാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. ഖജനാവില്‍ പൂച്ചപെറ്റു കിടക്കുമ്പോഴാണ് രണ്ടു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്.
പണമില്ലാതെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും നിലച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. നിലവിലെ റെയില്‍ പാതക്ക് സമാന്തരമായി പാതയുണ്ടാക്കി സ്പീഡ് ട്രെയിന്‍ കൊണ്ടു വരുന്നതിന് പകരമാണ് പാരിസ്ഥിതികമായി തകര്‍ക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നത്.
മൂന്ന് സെന്റ് ഭൂമി വാങ്ങി വീട് വയ്ക്കാന്‍ പോലും സ്ഥലം ഇല്ലാത്ത സംസ്ഥാനത്താണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രോജക്ടുകളോടുള്ള താല്‍പര്യമാണ് കെ. റെയിലിന് പിന്നാലെ പോകാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.