ശുചീകരണത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ചപ്പോൾ

ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം. ജോയിയുടെ മരണത്തോടെ അമ്മ ഒറ്റക്കായി. അമ്മക്ക് താമസിക്കാന്‍ വീട് പോലും ഇല്ലാത്ത അവസ്ഥയാണ്. സ്ഥലം കണ്ടെത്തി വീട് നിർമിച്ച് നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം എത്രയും വേഗം നടപ്പാക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

അമ്മയുടെ ചികിത്സാ ചെലവുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അതു ലഭിച്ചാല്‍ മാത്രമെ ആ കുടുംബത്തിന് ജീവിച്ച് പോകാനാകൂ. എല്ലാവരും ചേര്‍ന്ന് ആ കുടുംബത്തെ സഹായിക്കണം. മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിക്കുന്നവര്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ വിധി അനുസരിച്ചുള്ള തുക കൂടി ജോയിയുടെ കുടുംബത്തിന് നല്‍കണം. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. നഷ്ടപരിഹാരം നല്‍കാന്‍ എം.പി മുഖേന റെയില്‍വെയോടും ആവശ്യപ്പെടും.

മഴക്കാല പൂര്‍വ ശുചീകരണം നടന്നില്ലെന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ജോയിക്ക് ദാരുണാന്ത്യം സംഭവിക്കുന്നതിന്റെ ഒരാഴ്ച മുന്‍പ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതാണ്. തിരഞ്ഞെടുപ്പായതു കൊണ്ട് ശുചീകരണം നടന്നില്ലെന്ന മറുപടിയാണ് മന്ത്രി പറഞ്ഞത്. തിരഞ്ഞെടുപ്പായതു കൊണ്ട് ആരെങ്കിലും ഭക്ഷണം കഴിക്കാതിരുന്നോ? നിരുത്തരവാദപരമായാണ് തദ്ദേശ മന്ത്രി മറുപടി നല്‍കിയത്. അദ്ദേഹത്തിന്റെ കൈയില്‍ ആ വകുപ്പ് കിട്ടിയ ശേഷം ആദ്യത്തെ മഴക്കാല പൂര്‍വശുചീകരണം പോലും നടത്താനായില്ല.

മാലിന്യ നീക്കം കേരളത്തില്‍ എല്ലായിടത്തും പരാജയപ്പെട്ടു. അതുകൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നത്. ജോയി കണ്ടുപിടിക്കാന്‍ വേണ്ടി എത്ര ടണ്‍ മാലിന്യമാണ് ഇവര്‍ നീക്കിയത്. അപ്പോള്‍ മനപൂര്‍വം മാലിന്യം നീക്കം ചെയ്യാതിരുന്നതാണ്. കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെയും മന്ത്രിയുടെയും ഉത്തരവാദിത്തമാണ്.

യോഗം വിളിക്കാനോ പരിഹാരം ഉണ്ടാക്കാനോ ഒരു ശ്രമവും ഉണ്ടായില്ല. ആമഴിഞ്ചാന്‍ തോട്ടില്‍ റെയില്‍വെ ഭൂമിയില്‍ മാത്രമല്ല മാലിന്യമുള്ളത്. മൃതദേഹം കണ്ടെടുത്ത തകരപ്പറമ്പില്‍ മാലിന്യക്കൂമ്പാരമായിരുന്നു. തകരപ്പറമ്പും പാര്‍വതിപുത്തനാറും റെയില്‍വെ ഭൂമിയാണോ? 839 ഓടകള്‍ നന്നാക്കിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു.


Tags:    
News Summary - V. D. Satheesan should pay compensation to Joy's family as per the Supreme Court verdict.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.