തിരുവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ നിർദേശിച്ചു. 2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയിലെലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം.
ഈ നിർദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതൽ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാല്‍, ഇടതു കൈയിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിങ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്.
വോട്ടറുടെ ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തിരഞ്ഞെടുപ്പ് കമീഷന്‍ ഇത്തരത്തിൽ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.